കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനം: എസ്‌ഐ അടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനം: എസ്‌ഐ അടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

തൃശൂര്‍ റേയ്ഞ്ച് ഡിഐജി എസ്. ഹരി ശങ്കര്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ച് നോര്‍ത്ത് സോണ്‍ ഐജി രാജ് പാല്‍ മീണയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഡിഐജി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി എടുക്കുമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നേരത്തേ ഡിഐജി എടുത്ത നടപടി പുനപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിലുണ്ട്.

സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും എടുത്തിരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കുന്നംകുളം കോടതി ക്രിമനല്‍ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ അംഗീകരിച്ചത്.

എസ്‌ഐ നുഹ്‌മാന്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും സിപിഒമാരായ സന്ദീപ് മണ്ണുത്തി പൊലീസ് സ്റ്റേഷനിലും സജീവന്‍, ശശിധരന്‍ എന്നിവര്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുമാണ് നിലവില്‍ ജോലി ചെയ്യുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.