തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അതിക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനാണ്.
മര്‍ദനത്തിനിരയായ സുജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
മുഖ്യമന്ത്രിയുടെ മൗനം നാട്ടില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കും. പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അല്ല. ഈ വകുപ്പ് ഭരിച്ച ഒരാളാണ് താന്‍. അന്ന് പൊതുജനങ്ങളെ മര്‍ദിക്കാന്‍ പാടില്ല എന്ന ശക്തമായ നിര്‍ദേശം സ്റ്റേഷനുകള്‍ക്ക് നല്‍കിയിരുന്നു. ഇന്ന് ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. പൊലീസ് വകുപ്പ് നാഥനില്ല കളരിയായിരിക്കുന്നു.
പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്താല്‍ മാത്രം പോര അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പൊലീസുകാരും ഇത്തരക്കാരാണ് എന്ന് പറയുന്നില്ല. പക്ഷെ ഇത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കരുത്.
ശനിയാഴ്ച ഉച്ചയ്ക്ക് സുജിത്തിന്റെ വീട്ടിലെത്തിയ രമേശ് ചെന്നിത്തല സുജിത്തിനെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, ജോസ് വള്ളൂര്‍, എ പ്രസാദ്, ജോസഫ് ചാലിശേരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.