കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് ഗുരുതരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സുജിത്തിനെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തതിന് ശേഷം മദ്യപിച്ചെന്ന കള്ളക്കേസ് എടുക്കുകയാണ് പൊലീസ് ചെയ്തത്. വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് കണ്ടെത്തിയ കോടതി അദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു.
സുജിത്തിന്റെ പരാതിയില്‍ തൃശൂരിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ക്രൈം ബ്രാഞ്ച് ഈ കാര്യത്തില്‍ മതിയായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. പൊലീസുകാരുടെ കുറ്റകൃത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഇന്‍ക്രിമെന്റ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് തൃശൂര്‍ ഡിഐജി വ്യക്തമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊരു മതിയായ ശിക്ഷയല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സുജിത്ത് നടത്തിയ നിയമ പോരാട്ടത്തിലൂടെ രണ്ട് വര്‍ഷത്തിന് ശേഷം മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷ നല്‍കിയില്ലെന്ന അപാകത തിരിച്ചറിഞ്ഞ് ഈ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സസ്പെന്‍ഷന്‍ ഒരു ശിക്ഷയല്ല. സാധാരണ ഗതിയില്‍ കുറ്റാരോപിതന്‍ അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനുള്ള നടപടി ക്രമം മാത്രമാണത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷയാണ് വേണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുകയും പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്. ഒരു കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് കേസെടുക്കണമെന്ന് ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ പൊലീസ് അത് ചെയ്തില്ല. അതിനാല്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സുജിത്ത് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ കോടതി നടപടികള്‍ നടക്കുകയാണ്. അതോടൊപ്പം പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ക്രിമിനല്‍ നടപടി നിയമം അനുസരിച്ച് ഈ രണ്ട് കേസും പൊലീസ് ചാര്‍ജ് കേസായി മാറും. അതിനാല്‍ ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. അതിനുപകരം അവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തി രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കുതന്ത്രം വിലപ്പോകില്ല.
ഈ മാസം പത്തിന് കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെ മുന്‍പിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച പ്രതിഷേധ സദസ് സംഘടിപ്പിക്കും. നിയമസഭയിലും ഈ വിഷയം ഗൗരവമായിട്ട് കോണ്‍ഗ്രസ് അവതരിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.