ഇന്‍ഷുറന്‍സ് വകുപ്പില്‍ പ്രതിസന്ധി; തീര്‍പ്പാകാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ക്ലെയിമുകള്‍

ഇന്‍ഷുറന്‍സ് വകുപ്പില്‍ പ്രതിസന്ധി; തീര്‍പ്പാകാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ക്ലെയിമുകള്‍

കൊല്ലം: കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ പ്രതിസന്ധിയില്‍ വലഞ്ഞ് ഗുണഭോക്താക്കള്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനുവദിക്കാത്തത് സാധാരണക്കാര്‍ മുതല്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ആണ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് കീഴില്‍ തീരുമാനം ആകാതെ കെട്ടിട്ടിക്കിടക്കുന്നത്.

വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് മെല്ലെപ്പോക്കിന് കാരണം. ഉന്നത ഉദ്യോഗസ്ഥതലം മുതല്‍ നിയമനങ്ങള്‍ നടക്കാത്തതും ഒഴിവുകള്‍ നികത്താത്തതുമാണ് പ്രധാന പ്രശ്നം. കുടുംബശ്രീ അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്കാണ് വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് കീഴിലുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

കുടുംബശ്രീ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഒരുമ പദ്ധതിയുടെ ഗുണഭോക്താക്കളാണ് പ്രതിസന്ധി നേരിടുന്നവരില്‍ പ്രധാനം. ഏകദേശം 14 ലക്ഷം ക്ലൈമുകളാണ് ഒരുമ പദ്ധതിയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെ തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് മരണമടഞ്ഞാല്‍ 15 ലക്ഷം രൂപയും പരിക്കുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഇന്‍ഷുറന്‍സ് നല്‍കുന്ന ജീവന്‍ രക്ഷാ പദ്ധതി പ്രകാരമുള്ള ക്ലൈമുകളും തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്.

ഏകദേശം 500-ലധികം ക്ലെയിമുകളാണ് തീരുമാനം കാത്ത് വകുപ്പിന് മുന്നിലുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ വിരമിച്ച ഏകദേശം 15,000 ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയ്ക്ക് കീഴിലുള്ള സെറ്റില്‍മെന്റുകളും നല്‍കിയിട്ടില്ല. പുതുതായി നിയമിതരായ 10,000 ത്തില്‍ അധികം ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം കവറേജുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.