ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ക്കാന്‍ ഇന്ത്യ. സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഇന്ത്യയില്‍ നടക്കും. ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമ രൂപം നല്‍കും.
തുടര്‍ ചര്‍ച്ചകളിലൂടെ കൂടുതല്‍ വ്യക്തത വരുത്തി കരാര്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ കാര്‍ഷികം, വ്യാപാരം എന്നി ചുമതലകള്‍ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തന്നെ ഇന്ത്യ സന്ദര്‍ശിക്കും. കരാറിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. യൂറോപ്യന്‍ വ്യാപാര കമ്മിഷണര്‍ മാരോസ് സെഫ്‌കോവിച്ചും കാര്‍ഷിക കമ്മിഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെനും ആണ് ഇന്ത്യ സന്ദര്‍ശിക്കുക. ബ്രസല്‍സില്‍ നിന്ന് 30 അംഗ സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്ന് കിട്ടും.
നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂര്‍ണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യയില്‍നിന്നുള്ള മരുന്നുകള്‍, ടെക്സ്‌റ്റൈല്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണി ലഭിക്കും. ഇതിന് പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിക്കും. സാങ്കേതികവിദ്യ കൈമാറ്റങ്ങള്‍ എളുപ്പമാകും. ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും തുറക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.