ഗുണ്ടല്‍പേട്ട്: ആക്രമണകാരിയായ കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. ചൊവ്വാഴ്ച, ചമരജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം.
കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇത്തരത്തിലൊരു അറ്റകൈ പ്രയോഗത്തിന് മുതിര്‍ന്നത്.
ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ കന്നുകാലികളെ കൊല്ലുന്നത് പതിവാണ്. ഇവയെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒരു കൂട് സ്ഥാപിച്ചതല്ലാതെ പ്രശ്നം പരിഹരിക്കാന്‍ മറ്റ് നടപടികളൊന്നും വനം വകുപ്പ് സ്വീകരിച്ചില്ല.
മൂന്ന് ദിവസം മുമ്പ് ഒരു പശുക്കിടാവിനെ കടുവ കൊന്നിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം രൂക്ഷമായത്. സ്ഥലത്തെ സ്ഥിതി വിവരങ്ങള്‍ പരിശോധിക്കാനായി ചൊവ്വാഴ്ച ബൊമ്മലാപുരയില്‍ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് കര്‍ഷകര്‍ കടുവയെ കുടുക്കാന്‍ വെച്ച കൂട്ടില്‍ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് അവരെ കൂട്ടിലിട്ട് പൂട്ടിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ഗുണ്ടല്‍പേട്ട് എ.സി.എഫ് സുരേഷും ബന്ദിപ്പൂര്‍ എ.സി.എഫ് നവീന്‍ കുമാറും സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയ ശേഷമാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.