വിദേശ വാസത്തില്‍ വോട്ട് രേഖപ്പെടുത്താനാവാതെ മലയാളികള്‍: പ്രോക്സി വോട്ടെങ്കിലും ചെയ്യാമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

വിദേശ വാസത്തില്‍ വോട്ട് രേഖപ്പെടുത്താനാവാതെ മലയാളികള്‍: പ്രോക്സി വോട്ടെങ്കിലും ചെയ്യാമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

മുപ്പതും നാല്‍പ്പതും വര്‍ഷമായി വോട്ട് ചെയ്യാത്ത ആയിരക്കണക്കിന് മലയാളി പ്രവാസികള്‍

കൊച്ചി: തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഈ വര്‍ഷം കൂടുതല്‍ പ്രവാസികളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. പ്രോക്സി വോട്ട് ചെയ്യാനെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 22 ലക്ഷത്തോളം മലയാളികള്‍ വിദേശത്ത് ഉണ്ടെന്നാണ് കണക്ക്. 30 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്നുണ്ട്. എന്നാല്‍ കരട് പട്ടികയില്‍ വോട്ടുള്ള പ്രവാസികളുടെ എണ്ണം 2087 മാത്രമാണ്. തദ്ദേശ കരട് വോട്ടര്‍ പട്ടിക പ്രകാരം 2.83 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. അതേസമയം അരക്കോടിയിലേറെ വോട്ടര്‍മാര്‍ പുറത്തും ഉണ്ട്.

ഇതില്‍ രാജ്യത്ത് തന്നെ ഉള്ളവരില്‍ ഒരു ചെറിയ വിഭാഗം നാട്ടിലെത്തി വോട്ട് ചെയ്ത് പോകാറുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് അത് സാധിക്കാറില്ല. മുപ്പതും നാല്‍പ്പതും വര്‍ഷമായി വോട്ട് ചെയ്യാത്ത ആയിരക്കണക്കിന് പ്രവാസികള്‍ കേരളത്തില്‍ ഉണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികള്‍ക്ക് വേണ്ടി വീട്ടിലുള്ള ഒരാള്‍ക്ക് പ്രോക്സി വോട്ട് ചെയ്യാന്‍ അവസരം കൊടുക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ചില വിട്ടുവീഴ്ചകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇങ്ങനെ പ്രവാസി വോട്ട് ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ അടുത്ത തവണ ഹിയറിങിന് ഹാജരായിട്ടില്ലെങ്കിലും പട്ടികയില്‍ നിന്ന് പുറത്താവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയും പേര്‍ നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങുക എന്നത് പ്രായോഗികമല്ല.

തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലത്ത് ഉണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്യാനാകുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. എംബസിയില്‍ വോട്ട് ചെയ്യുന്നത് അടക്കം പല സൗകര്യങ്ങളും ഒരുക്കുമെന്ന് പലപ്പോഴും അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് സംബന്ധിച്ച തീരുമാനം ഒന്നും ആയിട്ടില്ല. പ്രവാസികള്‍ സുപ്രീം കോടതിയില്‍ പോയതിന്റെ ഭാഗമായി സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രോക്സി വോട്ട് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. പ്രോക്സി വോട്ടിനുള്ള സൗകര്യം നല്‍കാമെന്ന് തീരുമാനമായതായാണ് വിവരം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.