കല്‍പ്പറ്റ: മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണവും അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളിലെ അതൃപ്തിയും അറിയിച്ച് പ്രിയങ്കാ ഗാന്ധി എം.പി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അഴിച്ച് പണിയണമെന്നും ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പ്രിയങ്കാ ഗാന്ധി കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ജില്ലയില്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുന്ന വിവാദങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യ, അഴിമതി ആരോപണങ്ങള്‍, കള്ളക്കേസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രിയങ്ക അതൃപ്തി അറിയിച്ചിട്ടുണ്ട്. വയനാട് എംപിയായ താന്‍ മണ്ഡലം സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെയും വിവാദങ്ങളും പ്രശ്‌നങ്ങളും മാത്രമെ കേള്‍ക്കാനുള്ളു എന്ന് പ്രിയങ്ക പരാതിപ്പെട്ടതായാണ് വിവരം.
എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയും അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കഴിഞ്ഞ സന്ദര്‍ശനത്തില്‍ തന്നെ പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറി എത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതില്‍ പ്രിയങ്ക അതൃപ്തയാണ്.
കൂടാതെ കെപിസിസി നേതൃത്വത്തില്‍ ആലോചിച്ച മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി ഉള്‍പ്പെടെയുള്ളവ നടക്കാതെ പോയതിലും സ്ഥലം ഏറ്റെടുപ്പ് പോലും പൂര്‍ത്തീകരിക്കാത്തതിലും പ്രിയങ്ക നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിനെല്ലാം പിന്നില്‍ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും പ്രിയങ്ക ഉന്നയിച്ചിരുന്നു. അസ്വാരസ്യങ്ങള്‍ പരിഹരിക്കാനും വിഷയങ്ങളില്‍ ഇടപെടാനും നേതൃത്വത്തിന് സാധിക്കുന്നില്ലെന്നാണ് ആരോപണം. മറ്റ് ജില്ലകള്‍ക്കൊപ്പം വയനാട്ടിലും നേതൃമാറ്റമെന്ന നിലപാടാണ് കെപിസിസി ഇതുവരെ കൈക്കൊണ്ടത്.
എന്നാല്‍ ഇതിന് കാലതാമസം വരുകയാണെങ്കില്‍ ഉടനെ വയനാട്ടില്‍ മാത്രം പ്രസിഡന്റിനെ മാറ്റണമെന്നാണ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടതെന്നാണ് വിവരം. കെപിസിസി സെക്രട്ടറിയും കല്‍പറ്റ നഗരസഭാ അധ്യക്ഷനുമായ ടി.ജെ ഐസക്, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ വിനയന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഡിസിസി പ്രസിഡന്റായ എന്‍.ഡി അപ്പച്ചന്‍ ഇക്കുറി പ്രിയങ്കാ ഗാന്ധിയുടെ പരിപാടികളിലൊന്നും ഒപ്പമുണ്ടായിരുന്നില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.