ശിവഗിരി, മുത്തങ്ങ, മാറാട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്തു വിടണം: എ.കെ. ആന്റണി

ശിവഗിരി, മുത്തങ്ങ, മാറാട്  അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്തു വിടണം:  എ.കെ. ആന്റണി

തിരുവനന്തപുരം: യുഡിഎഫ് ഭരണ കാലത്തെ പൊലീസ് അതിക്രമങ്ങള്‍ വിവരിക്കാന്‍ ശിവഗിരി സംഭവം ചൂണ്ടിക്കാട്ടി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പൊലീസിനെ അയച്ച സംഭവമായിരുന്നുവെന്ന് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1995 ല്‍ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അത്.

അവിടെയുണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നു. ശിവഗിരിയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരക്കൈമാറ്റം നടത്തണമെന്നും അത് പൊലീസിന്റെ ചുമതലയാണെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം വന്നപ്പോഴാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് ആന്റണി പറഞ്ഞു.

മത്സരമുണ്ടാകുമ്പോള്‍ തോറ്റവര്‍ ജയിച്ചവര്‍ക്ക് അധികാരം കൈമാറുന്നതായിരുന്നു ശിവഗിരിയില്‍ കാലാകാലങ്ങളായി നടന്നത്. എന്നാല്‍ 95 ല്‍ മാത്രം അത് നടന്നില്ല. തോറ്റ വിഭാഗക്കാര്‍ പറഞ്ഞ ന്യായം സ്വാമി പ്രകാശാനന്ദയ്ക്കും കൂട്ടര്‍ക്കും ഭരണം കൈമാറിയാല്‍ മതാതീത ആത്മീതയുടെ കേന്ദ്രമായ ശിവഗിരി കാവിവല്‍കരിക്കപ്പെടും എന്നതായിരുന്നു.

എന്നാല്‍ പ്രകാശാനന്ദയും കൂട്ടരും ആദ്യം കീഴ്ക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ജയിച്ചവര്‍ക്ക് അനുകൂലമായി വിധിയെഴുതി. ഇത് സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന സാഹചര്യം ഉണ്ടായി. കേസ് ഹൈക്കോടതിയില്‍ എത്തി. ഇതോടെ പ്രകാശാനന്ദയ്ക്കും കൂട്ടര്‍ക്കും അധികാരം കൈമാറിയേ പറ്റൂവെന്ന കര്‍ശന നിര്‍ദേശവും ഹൈക്കോടതി നല്‍കി. വിധി നടപ്പിലാക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

പല തവണ അപ്പീല്‍ പോയെങ്കിലും എന്ത് വിലകൊടുത്തും പൊലീസിന്റെ അധികാരം ഉപയോഗിച്ച് അവിടെ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അവിടെ സംഭവിച്ചത്. താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ശിവഗിരി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചു. ജസ്റ്റിസ് ബാലകൃഷണന്‍ കമ്മീഷന്റെ ഈ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആന്റണി ആവശ്യപ്പെട്ടു.

മുത്തങ്ങയിലെ സംഭവവും സമാനമായിരുന്നു. പൊലീസ് നടപടിയെ കുറിച്ചും ആദിവാസി സമരത്തെ കുറിച്ചും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ റിപ്പോര്‍ട്ടും ഈ സര്‍ക്കാരിന്റെ കയ്യിലുണ്ട്. എന്നിട്ട് ആരെയാണ് ആ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

മുത്തങ്ങയില്‍ കയറിയ ആദിവാസികളെ ഇറക്കി വിടണമെന്ന് പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കയ്യേറ്റം അനുവദിക്കാന്‍ പാടില്ലെന്ന താക്കീത് പോലും സര്‍ക്കാരിന് നല്‍കിയ ശേഷമാണ് അന്ന് പൊലീസ് ഇടപെടലുണ്ടായത്. ഇതെല്ലാം സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതും പ്രസിദ്ധീകരിക്കണം.

എന്താണ് സത്യമെന്ന് ആ റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ, താന്‍ മാത്രമാണ് പഴി കേട്ടത്. തങ്ങള്‍ ആദിവാസികളെ ചുട്ടുകൊന്നു എന്നാണ് അന്ന് ഇടതുപക്ഷവും മാധ്യമങ്ങളും ആരോപിച്ചത്. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് യുഡിഎഫാണ്.

മാറാട് കാലത്തെ സംഭവത്തെ കുറിച്ചും സിബിഐ റിപ്പോര്‍ട്ടുണ്ട്. അതും പുറത്തു വിടണമെന്നാണ് തന്റെ ആവശ്യമെന്നും എ.കെ ആന്റണി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.