മണിക്കൂറില്‍ 6,87,000 കിലോ മീറ്റര്‍ വേഗം; ചരിത്രം കുറിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

മണിക്കൂറില്‍  6,87,000 കിലോ മീറ്റര്‍ വേഗം; ചരിത്രം കുറിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

വാഷിങ്ടണ്‍: വേഗതയില്‍ പുതിയ ചരിത്രം കുറിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. മണിക്കൂറില്‍ 6,87,000 കിലോ മീറ്റര്‍ വേഗത്തിലാണ് നാലാം തവണയും പാര്‍ക്കര്‍ സൂര്യന്റെ അന്തരീക്ഷത്തിലൂടെ സ്വയം നിയന്ത്രിത നീക്കം നടത്തിയത്.

സെപ്റ്റംബര്‍ 10 മുതല്‍ 20 വരെയുള്ള കാലയളവില്‍ നടന്ന ഈ അതിവേഗ നീക്കത്തിന് ശേഷവും എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു ബീക്കണ്‍ ടോണ്‍ പാര്‍ക്കര്‍ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു.

2024 ഡിസംബര്‍ 24, 2025 മാര്‍ച്ച് 22, 2025 ജൂണ്‍ 19 തിയതികളില്‍ സൂര്യന്റെ സമീപത്തുകൂടി നീങ്ങിയപ്പോഴും പാര്‍ക്കര്‍ ഈ അസാധാരണ വേഗം കൈവരിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച വിവരം അനുസരിച്ച് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ദൂരം കണക്കിലെടുത്താല്‍ പാര്‍ക്കറിന് അത്രയും ദൂരം സഞ്ചരിക്കാന്‍ വെറും 19 സെക്കന്‍ഡുകള്‍ മാത്രം മതിയാകും.

മേരിലാന്‍ഡിലെ ലോറലിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയില്‍ (എപിഎല്‍) രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച പാര്‍ക്കര്‍ സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്. സൂര്യന്റെ കൊറോണയുമയി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് പേടകത്തിലെ ഉപകരണങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്.

സൗരക്കാറ്റ്, സൗര ജ്വാലകള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അതി നിര്‍ണായക വിവരങ്ങള്‍ പാര്‍ക്കര്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രതിഭാസങ്ങള്‍ ഉപഗ്രഹങ്ങളെ തടസപ്പെടുത്താനും ബഹിരാകാശ യാത്രികരുടെ ജീവന് ഭീഷണിയാകാനും വിമാന യാത്രയെ പോലും ബാധിക്കാനും ഭൂമിയിലെ പവര്‍ ഗ്രിഡുകളെ തകരാറിലാക്കാനും സാധ്യതയുള്ള ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടവയാണ്.

ദൗത്യത്തില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ പോളാര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഭൂമിയിലേക്ക് അയച്ചു തുടങ്ങും. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹിരാകാശ കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ഭാവിയില്‍ ഭൂമിക്ക് പുറത്തേക്കുള്ള, പ്രത്യേകിച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്.

മനുഷ്യ സമൂഹത്തെ സ്വാധീനിക്കുന്ന തരത്തില്‍ സൂര്യന്‍ ഭൂമിയെയും ബഹിരാകാശ പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്ന് അന്വേഷിക്കുന്ന നാസയുടെ 'ലിവിങ് വിത്ത് എ സ്റ്റാര്‍' എന്ന പ്രോഗ്രാമിന്റെ ഭാഗമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.