കൊച്ചി: ഭൂട്ടാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. മൂന്ന് സിനിമാ നടന്‍മാരുടേത് ഉള്‍പ്പെടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടി. ടിജു അറിയിച്ചു. ഭൂട്ടാനില്‍ നിന്ന് വണ്ടി കൊണ്ടു വന്ന ശേഷം കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എംബസികള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ അമേരിക്കന്‍ എംബസികള്‍ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിര്‍മ്മിക്കുകയായിരുന്നു. പരിവാഹന്‍ വെബ്സൈറ്റിലും കൃത്രിമം നടത്തിയെന്നും കസ്റ്റംസ് അറിയിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്‍മാരുടെ വീടുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.
2014 ല്‍ നിര്‍മിച്ച വാഹനം 2005 ല്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ഒന്നാമത്തെ യൂസറായി കാണിച്ചിട്ടുണ്ട്. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കൊണ്ട് വരുന്നുണ്ടെന്ന വിവരങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. വാഹനങ്ങളെല്ലാം വാങ്ങിയതും വിറ്റിട്ടുള്ളതും പൂര്‍ണമായും നിയമവിരുദ്ധമായ ഇടപാടുകളിലൂടെയാണ്. പരിശോധന നടത്തിയ ഇടങ്ങളില്‍ പലയിടത്തും ജിഎസ്ടി തട്ടിപ്പും കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് ഒരു വാഹനം കൊണ്ടു വന്നാല്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ ഭൂട്ടാന്‍ വഴി കടത്തിയ 150 മുതല്‍ 200 വരെ വാഹനങ്ങളുണ്ട്.
അറിഞ്ഞും അറിയാതെയും വാഹനങ്ങള്‍ വാങ്ങിയവരും ഉണ്ട്. താരങ്ങള്‍ക്ക് ഇതില്‍ എത്ര പങ്കുണ്ട് എന്നതില്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ. നടന്‍മാരടക്കമുള്ളവര്‍ക്കെല്ലാം സമന്‍സ് കൊടുക്കും. മൊഴിയെടുക്കുകയും ചെയ്യും. ഉടമകള്‍ നേരിട്ട് ഹാജരായി രേഖകള്‍ കാണിക്കേണ്ടി വരും. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാനാകില്ലെന്നും കമ്മിഷണര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.