പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും പിന്തുണച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനര്‍. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനര്‍ ഉയര്‍ന്നത്.
'പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍' എന്നാണ് ബാനറിലെ പരിഹാസ വാചകം. സര്‍ക്കാരിന്റെ വിശ്വാസ പ്രശ്‌നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നത്.
'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്'- എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ബാനര്‍ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ മുതലാണ് കരയോഗ കെട്ടിടത്തിന് മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
ഈ സര്‍ക്കാരില്‍ വിശ്വാസമാണെന്ന് പറഞ്ഞ ജി. സുകുമാരന്‍ നായര്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും കോണ്‍ഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പക്ഷത്തേക്ക് എന്‍.എസ്.എസ് ചാഞ്ഞത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും എന്‍.എസ്.എസ് നേതൃത്വവുമായുള്ള അകല്‍ച്ചയും കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നതിന് കാരണമായെന്നും സൂചനയുണ്ട്.
അതേസമയം എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. കെപിസിസി നേതൃത്വം എന്‍.എസ്.എസുമായി ചര്‍ച്ച നടത്തും. എന്‍.എസ്.എസ് നേതൃത്വത്തെ വിമര്‍ശിക്കില്ലെന്നും വിശ്വാസ പ്രശ്‌നത്തില്‍ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.