41 വര്‍ഷത്തെ കാത്തിരിപ്പ്: പിറക്കുന്നത് പുതുചരിത്രം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഫൈനലില്‍. 11 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിനെ തുരത്തിയത്. സയിം അയൂബ് നിര്‍ണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇതോടെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കും. ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ വരെ ഇരു ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്നു. 30 റണ്‍സ് നേടിയ ഷ്മീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഓപ്പണിങ് ബാറ്റര്‍ സെയ്ഫ് ഹസനാണ് രണ്ടാം ടോപ് സ്‌കോറര്‍. നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. ആദ്യ പത്ത് ഓവറില്‍ ബംഗ്ലാദേശ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ സഹായിച്ചത്.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയ തസ്‌കിന്‍ അഹ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍. മഹെദി ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഹാരിസ് 31 റണ്‍സുമായി ടോപ് സ്‌കോററായി. മുഹമ്മദ് നവാസ (25), ഷഹീന്‍ അഫ്രദി (19), ഫഹീം അഷ്‌റഫ് (14) എന്നിവരാണ് പാകിസ്താനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്.
പിറക്കുന്നത് പുതുചരിത്രം
പാകിസ്ഥാന്‍ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിച്ചത്. 41 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏഷ്യയില്‍ പ്രധാന ശക്തികള്‍ തമ്മില്‍ ഇതുവരെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ല. ഞായറാഴ്ച്ചയോടെ ഈ കഥ മാറുകയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ വരവ്.
പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.