കൊച്ചി: ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ തടസം നില്‍ക്കുന്നു എന്ന തരത്തിലുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണജനകവുമാണെന്ന് സീറോ മലബാര്‍ സഭ.
കേരളത്തിലെ ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാരിന്റെ തികഞ്ഞ പക്ഷപാതപരമായ നിലപാടുമൂലം പ്രതിസന്ധിയിലായിരിക്കുമ്പോഴും സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിര്‍ത്തിയിട്ടുണ്ടെന്ന സത്യവാഗ്മൂലം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനും സുപ്രീം കോടതിക്കും നല്‍കിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറച്ചു വച്ച് മന്ത്രി ഇത്തരത്തില്‍ സംസാരിച്ചത് ഉചിതമായില്ല.
സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് ഭിന്നശേഷി സംവരണം കത്തോലിക്ക മാനേജ്‌മെന്റുകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. കോടതിവിധി അനുസരിച്ചും സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരവും നിശ്ചിത ശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ കത്തോലിക്കാ മാനേജ്‌മെന്റുകള്‍ മാറ്റി വച്ചിട്ടുണ്ട്.
എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത് മാറ്റിവെച്ച 2022 വരെയുള്ള ഒഴിവുകളില്‍ പകുതിയില്‍ പോലും അര്‍ഹരായിട്ടുള്ളവര്‍ ഇതുവരെ എത്തിയിട്ടില്ല. കൂടാതെ 2022-25 കാലയളവില്‍ ഉണ്ടായ തസ്തികള്‍ക്ക് ആനുപാതികമായി സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ നികത്തപ്പെടാതെ അവശേഷിക്കുകയുമാണ്. ആവശ്യത്തിന് ഭിന്നശേഷിക്കാരായ അധ്യാപകര്‍ ലഭ്യമല്ല.
വസ്തുതകള്‍ ഇതായിരിക്കെ ഭിന്നശേഷിക്കാരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാതെ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന ശാഠ്യത്തിന്റെ പിന്നില്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. ഈ യഥാര്‍ത്ഥ പ്രശ്‌നം മറച്ചുവച്ച് നിങ്ങള്‍ പന്താടാന്‍ ശ്രമിക്കുന്നത് അശരണരായ കുറെ മനുഷ്യരുടെ ജീവിതങ്ങള്‍ കൊണ്ടാണ്.
ഭിന്നശേഷി വിഭാഗത്തില്‍ല്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളകളില്‍ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി അവയെ ക്രമവല്‍ക്കരിക്കണമെന്ന് എന്‍.എസ്.എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം ഹൈകോടതിയില്‍ നിന്നും അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. എയ്ഡഡ് അധ്യാപകന്‍ എന്ന നിലയില്‍ എന്‍.എസ്എസ് ആയാലും ക്രിസ്ത്യന്‍ ആയാലും നല്‍കുന്ന സേവനത്തിന് മാറ്റമില്ലന്നിരിക്കെ എന്തുകൊണ്ടാണ് ക്രൈസ്തവ മാനേജ്മെന്റുകളോട് സര്‍ക്കാരിന്റെ ഈ പക്ഷപാതപരമായ സമീപനം?
എന്‍.എസ്.എസ് സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതി നടത്തിയ വിധി ന്യായത്തില്‍തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നതാണ്.
ഈ വിഷയങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം 'നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പോയ്‌കൊള്ളൂ' എന്ന ധിക്കാരപൂര്‍വമായ മറുപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും വരുന്നത്. പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി കോടതിയില്‍ പോകാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്താണെന്നുകൂടെ മന്ത്രി വ്യക്തമാക്കണം.
അധ്യാപക നിയമനം പരമാവധി നീട്ടിക്കൊണ്ടുപോയി ക്രൈസ്തവ മാനേജ്‌മെന്റുകളെയും അവിടെ ജോലി ചെയ്യുന്ന അധ്യാപകരെയും ദ്രോഹിക്കുകയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഗൂഢ ലക്ഷ്യം മറച്ചുവച്ച് വസ്തുതാ വിരുദ്ധമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മന്ത്രിയുടെ നിലപാട് അദേഹം വഹിക്കുന്ന പദവിക്ക് ചേരുന്നതല്ല.
'ഒരു സമൂഹവും അവിടത്തെ അധ്യാപകരുടെ നിലവാരത്തേക്കാള്‍ മുകളിലെത്തില്ല' എന്ന പഴഞ്ചൊല്ല് അര്‍ഥവത്താണ്. കുഞ്ഞുങ്ങള്‍ക്ക് അറിവു പകര്‍ന്നു കൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്.
അധ്യാപകരും ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ്. തൊഴിലാളികള്‍ക്കു പ്രാമുഖ്യം നല്‍കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിക്കേണ്ടതുണ്ടോയെന്നും ഇതുസംബന്ധിച്ച് സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.