ബംഗളൂരു: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ടി.ജെ.എസ് ജോര്‍ജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്നാണ് പൂര്‍ണനാമം. 2011 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.
ജീവ ചരിത്രകാരന്‍, പത്രാധിപര്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്ന അദേഹം ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മാധ്യമ രംഗത്തെ മികവിന് കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചു.
1928 മെയ് ഏഴിന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനനം. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1950 ല്‍ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.
ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് സെര്‍ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ.ബി.സഹായിയെ എതിര്‍ത്തതിന് 1965 ല്‍ ജയിലിലടയ്ക്കപ്പെട്ടു. അതോടെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ട പത്രാധിപര്‍ എന്ന സ്ഥാനവും അദേഹത്തിന് സ്വന്തമായി.
പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധേയമാണ്. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.