'ബന്ദികളുടെ മോചനത്തിനും ഭരണ കൈമാറ്റത്തിനും തയ്യാര്‍': സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്

'ബന്ദികളുടെ മോചനത്തിനും ഭരണ കൈമാറ്റത്തിനും തയ്യാര്‍': സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ സമാധാനം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുക, പാലസ്തീന്റെ ഭരണം വിദഗ്ധരുള്‍പ്പെട്ട സമിതിക്ക് കൈമാറുക തുടങ്ങി ട്രംപ് മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ പദ്ധതികളുടെ പ്രധാന ഘടകങ്ങളാണ് ഹമാസ് അംഗീകരിച്ചത്.

എന്നാല്‍ സായുധ സംഘടനയുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള മറ്റ് നിര്‍ദേശങ്ങളിലെ നിലപാട് ഹമാസ് അറിയിച്ചിട്ടില്ല. തുടര്‍ നടപടികളില്‍ മധ്യസ്ഥര്‍ വഴിയുള്ള ചര്‍ച്ചകള്‍ തുടരാമെന്നും ഹമാസ് വ്യക്തമാക്കി. ഹമാസിന്റെ പ്രതികരണത്തിന് പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

'ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപുമായും അദേഹത്തിന്റെ ടീമുമായും തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നത് തുടരുമെന്ന് നെതന്യാഹു അറിയിച്ചു.

താന്‍ മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറിന് മുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്റ്റ് എന്നി രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.