ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ ആറിനും പതിനൊന്നിനുമാണ് വോട്ടെടുപ്പ്.
നവംബര്‍ പതിനാലിന് വോട്ടണ്ണെല്‍ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ട് ഘട്ടമായുള്ള വോട്ടെടുപ്പ്.
ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും. 3.5 കോടി സ്ത്രീകളും14 ലക്ഷം പുതിയ വോട്ടര്‍മാരുമാണ്. 90,712 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടക്കും.
ഇതില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന പോളിങ് സ്റ്റേഷനുകളായിരിക്കും. എല്ലായിടത്തും വെബ് കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കും. ഇതിനായി കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. വ്യാജ വാര്‍ത്ത തടയാന്‍ ജില്ലാ തല ടീമുകളെ നിയോഗിക്കും. 22 വര്‍ഷത്തിന് ശേഷം ബിഹാറില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും ഗ്യാനേഷ് കുമാര്‍ അവകാശപ്പെട്ടു.
ഇവിഎമ്മില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോ പതിക്കും. യോഗ്യരായ ഒരാളെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ഒരു ബൂത്തില്‍ 1200 വോട്ടര്‍മാരാണ് സമ്മതിദാന അവകാശ വിനിയോഗിക്കുക. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
മൂന്ന് ഘട്ടങ്ങളായാണ് 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ പത്തിനായിരുന്നു ഫല പ്രഖ്യാപനം. ഇക്കുറി അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന് എന്‍ഡിഎ പറയുമ്പോള്‍ ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകുമെന്നാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഉറപ്പിച്ച് പറയുന്നത്.
ബിജെപി, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.