ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ ആഗോളതലത്തില്‍ യുഎസിലേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ വിദ്യാര്‍ത്ഥി വിസകള്‍ ഓഗസ്റ്റില്‍ 44 ശതമാനം കുറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ ഇടിവാണിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്രംപിന്റെ കര്‍ശന നടപടികളെത്തുടര്‍ന്ന് ഓഗസ്റ്റില്‍ അമേരിക്ക വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതില്‍ മുന്‍കാലത്തേക്കാള്‍ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് ലഭിച്ച വിദ്യാര്‍ത്ഥി വിസകളുടെ കാര്യത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. വിദ്യാര്‍ത്ഥി വിസ ലഭിച്ച രാജ്യങ്ങളില്‍ ചൈനയാണ് ഇന്ത്യയെ മറികടന്ന് മുന്‍നിരയിലുള്ള രാജ്യമായി മാറിയത്. കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകള്‍ നിഷേധിക്കപ്പെട്ടതിലെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് യുഎസിലെ കണക്കുകളും പുറത്ത് വന്നത്.
ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആകെ 313,138 അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകള്‍ നല്‍കി. ഇത് 2024 ലെ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 19.1 ശതമാനം ഇടിവാണ് കാണിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനിയറിങ്, ഗണിതം (STEM) എന്നിവയില്‍, വളരെക്കാലമായി അമേരിക്കയാണ് പ്രധാന കേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. . എന്നാല്‍ ഈ വര്‍ഷത്തെ കണക്ക് വ്യത്യസ്തമായ ഒന്നായി മാറിയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയായിരുന്നു. എന്നാല്‍ ഇത്തവണ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 44.5 ശതമാനം കുറവ് വിദ്യാര്‍ത്ഥി വിസകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അതേ നിരക്കില്‍ അല്ല ആ കുറവ്. ഓഗസ്റ്റില്‍ ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക 86,647 വിസകള്‍ നല്‍കിയിരുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് നല്‍കിയതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കണക്ക്. സ്ഥിതി വിവരക്കണക്കുകള്‍ യുഎസ് ആസ്ഥാനമായുള്ള വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള എണ്ണത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാരണം അവരില്‍ പലരും മുമ്പ് നല്‍കിയ വിസകളിലാണ് യുഎസില്‍ ഉള്ളത്.
വിസ അപേക്ഷയ്ക്ക് ഏറ്റവും തിരക്കേറിയ മാസമായ ജൂണില്‍, യുഎസ് എംബസികള്‍ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്റ്റുഡന്റ് വിസ പ്രോസസിങ് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസകള്‍ക്ക് ട്രംപ് പുതിയ ഫീസ് ഏര്‍പ്പെടുത്തിയതും വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയാന്‍ കാരണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.