പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക! വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക! വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

തട്ടിപ്പിന് ഇരയാകുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അവര്‍ക്ക് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും

ദുബായ്: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന വ്യാജ പാര്‍ട്ട് ടൈം ജോലി പരസ്യങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വ്യാപകമായ ഇത്തരം തട്ടിപ്പുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനും മറ്റ് തട്ടിപ്പ് പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനും ഇരകളെ പ്രേരിപ്പിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

തട്ടിപ്പിന് ഇരയാകുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അവര്‍ നിയമപരമായി ഉത്തരവാദികളാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. തൊഴിലുടമകളുടെ ആധികാരികത ഉറപ്പുവരുത്താനും വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനും സംശയാസ്പദമായ പരസ്യങ്ങള്‍ കണ്ടാല്‍ eCrime പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു.

വ്യാജ പരസ്യങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളിലും വളരെ സാധാരണമായി കാണപ്പെടുന്നുണ്ട്. ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് പരസ്യങ്ങള്‍ ആളുകളെ വലയിലാക്കുന്നത്. തട്ടിപ്പുകാര്‍ പരസ്യങ്ങളെ കെണികളായി ഉപയോഗിച്ച് ഇരകളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരകളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും ഉള്‍പ്പെടുന്നു. തട്ടിപ്പുകാര്‍ക്ക് അവരുടെ നിയമവിരുദ്ധ പണമിടപാടുകള്‍ നടത്താന്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് പണം കൈമാറ്റം ചെയ്യാനും തട്ടിപ്പുകാര്‍ ഇരകളെ ഉപയോഗിക്കുന്നു. ഇത് പണം വെളുപ്പിക്കല്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കും.

മറ്റ് തട്ടിപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യിക്കാനും ഈ വ്യാജ പരസ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയുടെ ഭാഗമായി ഇരകളെ ഉപയോഗിക്കാം. ഇരകള്‍ അറിയാതെ തന്നെ കുറ്റകൃത്യങ്ങളുടെ ഭാഗമാകാനും സാധ്യതയുണ്ട്.

തട്ടിപ്പിന് ഇരയാകുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അവര്‍ക്ക് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തട്ടിപ്പുകാരുടെ കെണിയില്‍ വീഴുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, നിയമപരമായ പ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്ന് ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ആന്റി-ഫ്രോഡ് സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പരസ്യങ്ങള്‍ക്ക് പിന്നാലെ പോകുന്നതിന് മുമ്പ് തൊഴില്‍ ഉടമയുടെ വിവരങ്ങള്‍, കമ്പനിയുടെ രജിസ്‌ട്രേഷന്‍ എന്നിവയെല്ലാം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.