കെയ്റോ: ബന്ദികളുടെ കൈമാറ്റത്തിന് ഗാസയിലെ ഇസ്രയേലിന്റെ സൈനിക ആക്രമണം നിര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടു വച്ച് ഹമാസ്. ആക്രണം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങുകയുള്ളൂ.
ഏതെങ്കിലും വിദേശ സൈന്യത്തെ ഗാസയില്‍ വിന്യസിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ പാലസ്തീന്‍ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അറബ് സേനയെ സ്വാഗതം ചെയ്യുമെന്നും ഹമാസ് നേതാക്കള്‍ പറഞ്ഞു.
അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ചയിലാണ് ഹമാസ് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദി കൈമാറ്റ കരാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹമാസ് വ്യക്തമാക്കി. അതേസമയം ട്രംപിന്റെ 20 ഇന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ഹമാസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പാലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം പലായനം ചെയ്ത പാലസ്തീന്‍ പൗരന്‍മാരെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക, തടവുകാരുടെ കൈമാറ്റം, ഗാസയിലേക്ക് ഭക്ഷണത്തിനും മാനുഷിക സഹായത്തിനും നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം, ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിലും പാലസ്തീന്‍ ദേശീയ സമിതിയുടെ മേല്‍നോട്ടത്തിലും സമ്പൂര്‍ണ പുനര്‍നിര്‍മ്മാണ പ്രക്രിയ ഉടന്‍ ആരംഭിക്കുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ബന്ദികളുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്രയേലി ബന്ദികളുടെയും പാലസ്തീന്‍ തടവുകാരുടെയും പേരുകളടങ്ങിയ പട്ടിക കൈമാറിയതായും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെക്കുറിച്ച് ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.