ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.
ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്.
കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്‌ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6 ശതമാനം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.