സ്വയം അവകാശം ഉന്നയിച്ചോ, സമ്മര്‍ദ്ദം ചെലുത്തിയോ വാങ്ങാവുന്നതല്ല നൊബേല്‍ സമ്മാനം; കര്‍ശന മാനദണ്ഡങ്ങള്‍... അറിയാം അവയെപ്പറ്റി

സ്വയം അവകാശം ഉന്നയിച്ചോ, സമ്മര്‍ദ്ദം ചെലുത്തിയോ വാങ്ങാവുന്നതല്ല നൊബേല്‍ സമ്മാനം; കര്‍ശന മാനദണ്ഡങ്ങള്‍... അറിയാം അവയെപ്പറ്റി

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ ആര്‍ക്കും സ്വയം അവകാശം ഉന്നയിക്കാനോ, സമ്മര്‍ദ്ദം ചെലുത്തി വാങ്ങാനോ കഴിയുന്ന ഒന്നല്ല ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന നൊബേല്‍ സമ്മാനം. അതാണ് അതിന്റെ ചരിത്രം.

1896 ല്‍ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രണ്ട് നൊബേലിന്റെ വില്‍പത്ര പ്രകാരമാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. അദേഹം മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തയ്യാറാക്കിയ അവസാന വില്‍പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ നിര്‍ദേശങ്ങളും ചേര്‍ത്തിട്ടുണ്ട്.

നൊബേല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ബഹുമതികള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. പകരം അക്കാദമിക് വിദഗ്ദരോ മുന്‍ നൊബേല്‍ പുരസ്‌കാര ജേതാക്കളോ പ്രമുഖ ഗവേഷകരോ പാര്‍ലമെന്റേറിയന്‍മാരോ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുളളവരോ ആയിരിക്കണം നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്.

ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങള്‍ പുരസ്‌കാരം പ്രഖ്യാപിച്ച് 50 വര്‍ഷം വരെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നാമനിര്‍ദേശം നല്‍കിയവരുടെയും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെയും വിവരങ്ങള്‍ ഒരു കാരണവശാലും 50 വര്‍ഷത്തേക്ക് പുറത്തു വിടരുതെന്ന് നൊബേല്‍ ഫൗണ്ടേഷന്റെ ചട്ടങ്ങളില്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. അതായത് 2025 ല്‍ ഒരു വ്യക്തിയെ നോബല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെങ്കില്‍ 2075 വരെ ആ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല.

പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി, നിക്ഷ്പക്ഷത, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യുന്നവരുടെ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തിയാല്‍ പല തരത്തിലുളള സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമായേക്കുമെന്ന് ഫൗണ്ടേഷന്‍ വിശദീകരിക്കുന്നു. ബാഹ്യ ഇടപെടലുകളില്‍ നിന്ന് നൊബേല്‍ സമ്മാനത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യം വച്ചാണ് ഇത്തരം കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.

ഇതിലൂടെ അര്‍ഹരായ വ്യക്തികളെ ശുപാര്‍ശ ചെയ്യാനുളള സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് നോബല്‍ ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നു. 1973 ല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിങറിന് നല്‍കിയ സമാധാനത്തിനുളള നൊബേല്‍ സമ്മാനം വിയറ്റ്‌നാം യുദ്ധത്തിനിടയില്‍ ആഗോള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ പരസ്യമാക്കിയിരുന്നുവെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ തിരിച്ചടിയോ, സമ്മര്‍ദ്ദമോ നേരിടേണ്ടി വരുമായിരുന്നുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

നൊബേല്‍ സമ്മാനത്തിന്റെ ചരിത്രത്തില്‍ 1939 ല്‍ രസകരമായ ഒരു വിവരം പുറത്തു വന്നിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടുവെന്നായിരുന്നു ആ വിവരം. ഔദ്യോഗിക രേഖകള്‍ പ്രകാരം ഹിറ്റ്ലറെ ആക്ഷേപ ഹാസ്യ പ്രതിഷേധമായാണ് നാമനിര്‍ദേശം ചെയ്തിരുന്നത്. അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഈ വിവരം പുറത്തു വന്നിരുന്നുവെങ്കില്‍ ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആഗോള തലത്തില്‍ 244 വ്യക്തികളുടെയും 94 സംഘടനകളുടെയും പേരുകളാണ് ഇത്തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. സ്വയം പ്രഖ്യാപിത നാമനിര്‍ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയര്‍ന്നു വന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ്, റഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയ, ടെസ്ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, പാലസ്തീനികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി തുടങ്ങിയവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.

എല്ലാ വര്‍ഷവും ഒക്ടോബര്‍ ആറ് മുതല്‍ പത്ത് വരെയുളള തിയതികളിലായി റോയല്‍ സ്വീഡിഷ് അക്കാഡമിയാണ് വിവിധ മേഖലയിലുളള നൊബേല്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സാഹിത്യം, സമാധാനം, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 1901 മുതലാണ് നൊബേല്‍ സമ്മാനം നല്‍കി തുടങ്ങിയത്.

നൊബേല്‍ പതക്കത്തിനും ബഹുമതി പത്രത്തിനും പുറമേ ജേതാവിന് 11 മില്യണ്‍ സ്വീഡിഷ് ക്രോണ വരെ (ഏകദേശം പത്തേകാല്‍ കോടി രൂപ) ലഭിക്കും. ഡിസംബര്‍ പത്തിന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വച്ചാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.