ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഭാഗികമായി പിന്മാറിയതായി സൈന്യം അറിയിച്ചു. ഇനി 72 മണിക്കൂറുകള്‍ക്കകം ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കണം.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെട്ടു. ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും മറവിലാണ് പിന്‍വാങ്ങല്‍ നടന്നതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇനിയുള്ള 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇസ്രയേലിന് കൈമാറണം. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും.
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ മോചിപ്പിക്കാനിരിക്കുന്ന പാലസ്തീന്‍ സുരക്ഷാ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രയേലില്‍ പ്രസിദ്ധീകരിച്ച പട്ടികയിലില്ലെന്നാണ് ഹമാസിന്റെ ആരോപണം.
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നല്‍കി.
'തങ്ങളുടെ കഴുത്തില്‍ വാള്‍ മുറുകുന്നു എന്ന് തോന്നിയപ്പോള്‍ മാത്രമാണ് ഹമാസ് കരാറിന് സമ്മതിച്ചത്. അത് ഇപ്പോഴും അവരുടെ കഴുത്തിലുണ്ട്'- നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിലാണ് തങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.