ഗാസയിലെ വെടിയൊച്ചകള്‍ നിലയ്ക്കുമ്പോള്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക് എന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന സമാധാന പദ്ധതി ഇസ്രയേലും ഹമാസും പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെങ്കിലും യുദ്ധത്തിന് വിരാമമായി എന്നത് ആശ്വാസകരമാണ്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്നുകയറി നടത്തിയ അതിക്രമങ്ങളാണ് ഗാസയില്‍ നിരവധി പിഞ്ച് കുഞ്ഞുങ്ങളുടെയടക്കം രക്തച്ചൊരിച്ചിലിന് ഇടയാക്കിയ ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് കാരണമായിത്തീര്‍ന്നത്. രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഗാസ കുരുതിക്കളമായി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവായിരുന്നു പ്രത്യാക്രമണത്തിന്റെ സൂത്രധാരന്‍. രാജ്യത്ത് കടന്നു കയറി ആയിരത്തിലധികം പേരെ വധിക്കുകയും പെണ്‍കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗത്തിനിരയാക്കുകയും ഇരുനൂറ്റി അമ്പതോളം പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തവരോട് പൊറുക്കില്ലെന്ന കടുത്ത നിലപാടായിരുന്നു അദേഹത്തിന്.
പോരാട്ടം അവസാനിച്ച് ഗാസയില്‍ ബോംബുകള്‍ തീ തുപ്പാത്ത രാത്രികളും വെടിയൊച്ചകളില്ലാത്ത പ്രഭാതവും വിരിയുമ്പോള്‍ ലോകത്തിന് മുന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നായക പരിവേഷവും വില്ലന്റെ റോളും ചാര്‍ത്തിക്കൊടുക്കുന്നവരുണ്ട്.
ആരാണ് ബെഞ്ചമിന്‍ നെതന്യാഹു? എന്താണ് അദേഹത്തിന്റെ പശ്ചാത്തലം എന്ന് പരിശോധിക്കാം.
1949 ഒക്ടോബര്‍ 21 ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജനനം. അറബികള്‍ അടിസ്ഥാനപരമായി ശത്രുക്കളാണെന്നും സ്വതന്ത്രവും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതുമായ ഇസ്രയേല്‍ സ്ഥാപിക്കാന്‍ അറബികളെ കീഴ്‌പ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള ബെന്‍സിയോണ്‍ നെതന്യാഹുവായിരുന്നു പിതാവ്. കുട്ടിക്കാലത്ത് തന്നെ പിതാവിന്റെ ചിന്തകള്‍ നെതന്യാഹുവിനെ സ്വാധീനിച്ചു.
1963 ല്‍ ബെന്‍സിയോണ്‍ അമേരിക്കയില്‍ അധ്യാപകനായതോടെ മാതാവ് ടിസ് ലയും ജേഷ്ഠന്‍ യൊനാതനും അടങ്ങിയ കുടുംബം അവിടെ താമസമാക്കി. എല്ലാ അവധിക്കും കുടുംബം ഇസ്രയേല്‍ സന്ദര്‍ശിച്ചു.
ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയില്‍ ചിലവഴിച്ചിരുന്ന ആ വര്‍ഷങ്ങളിലാണ്, ഇസ്രായേലിന്റെയും അറബ് രാജ്യങ്ങളുടെയും ബന്ധം സംഘര്‍ഷ പൂര്‍ണമാകുന്നത്. 1950 കളുടെ അവസാനത്തിലും 1960 കളിലും സ്യൂയസ് പ്രതിസന്ധിയും ആറ് ദിവസത്തെ യുദ്ധവും ഉള്‍പ്പെടെ അനവധി യുദ്ധങ്ങളും പ്രതിസന്ധികളും സംഭവിച്ചു.

പിതാവ് ബെന്‍സിയോണിനും മാതാവ് ടിസ് ലയ്ക്കും ജേഷ്ഠന്‍ യൊനാതനുമൊപ്പം ബെഞ്ചമിന്‍ നെതന്യാഹു.
ആ കാലഘട്ടത്തില്‍ ഇസ്രയേലികള്‍ക്കിടയില്‍ അലയടിച്ച ദേശീയവാദവും അസ്തിത്വ പ്രതിസന്ധിയും ബെന്‍സിയോണിന്റെ മുന്നറിയിപ്പുകളായി കുടുംബത്തിലും പ്രതിഫലിച്ചു. ദീര്‍ഘകാല സമാധാനം അസാധ്യമാണ്, ഇസ്രായേലിന്റെ സുരക്ഷ അതിന്റെ ശക്തിയിലും ജാഗ്രതയിലുമാണ് ആശ്രയിക്കുന്നത് എന്ന വിശ്വാസം ബെഞ്ചമിനിലുമുണ്ടായി.
ഈ കാലഘട്ടവും ബെന്‍സിയോണിന്റെ ആശയ പാഠങ്ങളും ചേര്‍ന്നാണ് പിന്നീട് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയതന്ത്രത്തോടും സുരക്ഷയോടുമുള്ള സമീപനം രൂപപ്പെട്ടത്. മൂത്ത സഹോദരന്‍ യൊനാതന്‍ നെതന്യാഹുവിന്റെ മരണമായിരുന്നു ബെഞ്ചമിന്റെ ജീവിതത്തെ മാറ്റിമറിച്ച പ്രധാന സംഭവം. നെതന്യാഹു പലവട്ടം ഈ നഷ്ടത്തെ തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അനുഭവമായി വിശേഷിപ്പിച്ചിട്ടുണ്ട്.
ജേഷ്ഠന്റെ മരണസമയത്ത് നെതന്യാഹു അമേരിക്കയില്‍ തന്റെ ചെറിയ ബിസിനസ് മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. പക്ഷേ ആ ദുരന്തം നെതന്യാഹുവിനെ മാറ്റി ചിന്തിപ്പിച്ചു. ബിസിനസില്‍ നിന്ന് പൊതു സേവനത്തിലേക്ക് തിരിയാന്‍ നെതന്യാഹു നിര്‍ബന്ധിതനായി.
1976 ല്‍ പാലസ്തീന്‍-ജര്‍മന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ എയര്‍ ഫ്രാന്‍സ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാന്‍ നടത്തിയ ഓപ്പറേഷനിലാണ് യൊനാതന്‍ കൊല്ലപ്പെട്ടത്. പാലസ്തീനിയന്‍ വിമോചന പോരാട്ട സംഘടനയായ പിഎഫ്എല്‍പിയാണ് 1976 ജൂണ്‍ 27ന് എയര്‍ ഫ്രാന്‍സ് വിമാനം റാഞ്ചി ഉഗാണ്ടയിലെ എന്റബെ എയര്‍പോര്‍ട്ടില്‍ ഇറക്കിയത്.
ആ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാന്‍ നടത്തിയ മിന്നലാക്രമണമാണ് ഓപ്പറേഷന്‍ എന്റബെ എന്നറിയപ്പെട്ടത്. യോനാതന്റെ ആ മരണം, ഇസ്രയേലില്‍ അയാള്‍ക്ക് വീര പരിവേഷം നല്‍കി. അന്നു മുതല്‍ ബെഞ്ചമിന്‍ നെതന്യാഹു മാറി ചിന്തിച്ചു തുടങ്ങി. യൊനാതന്റെ മരണം മനുഷ്യ ജീവിതത്തോടുള്ള ഉത്തരവാദിത്വ ബോധവും ജാഗ്രതയും വളര്‍ത്തിയെന്നാണ് നെതന്യാഹു പിന്നീട് പറഞ്ഞത്.
സൈനിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജീവന്റെ മൂല്യത്തെ എങ്ങനെ വിലയിരുത്തണമെന്ന് യൊനാതന്റെ മരണം പഠിപ്പിച്ചതായും അദേഹം പറഞ്ഞു. 1988 ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.
അമേരിക്കയില്‍ നിന്ന് 1967 ല്‍ ഇസ്രയേലില്‍ തിരിച്ചെത്തിയ നെതന്യാഹു ഇസ്രയേല്‍ പ്രതിരോധ സേനയുടെ സയാറത് മട്ക്കല്‍ എന്ന പ്രത്യേക വിഭാഗത്തില്‍ ചേര്‍ന്നു. ഇസ്രയേല്‍-അറബ് സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. ആ കാലഘട്ടത്തില്‍ അദേഹം 1967 ലെ വാര്‍ ഓഫ് അട്രീഷന്‍, യോം കിപ്പൂര്‍ യുദ്ധം തുടങ്ങി നിരവധി ദൗത്യങ്ങളുടെ ഭാഗമായി.
1993 ല്‍ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവായി ഉയര്‍ന്ന ബഞ്ചമിന്‍ നെതന്യാഹു അതോടെ ഇസ്രായേല്‍ രാഷ്ട്രീയത്തിലെ പ്രധാനശക്തിയായി മാറി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1996 ല്‍ നാല്‍പ്പത്താറാം വയസില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.
ഭരണത്തുടക്കത്തില്‍ തന്നെ നെതന്യാഹു സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചു. എന്നാല്‍ ഇതേ സമയം അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ അധികാര പോരാട്ടങ്ങളും അദേഹത്തിന്റെ പ്രതിഛായയെ ബാധിച്ചു. ഇതോടെ 1999 ലെ തിരഞ്ഞെടുപ്പില്‍ യഹൂദ് ബരാക്കിനോട് പരാജയപ്പെട്ടു.
2005 ല്‍ നെതന്യാഹു വീണ്ടും ലിക്കുഡ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മടങ്ങി വന്നു, തുടര്‍ന്ന് ധനമന്ത്രിയായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ഇസ്രയേല്‍ സാമ്പത്തിക നയങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി. 2009 ല്‍ അദേഹം വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഈ കാലഘട്ടം ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ അധികാരവാഴ്ചകളില്‍ ഒന്നായി.
2009 മാര്‍ച്ച് 31 മുതല്‍ 2021 ജൂണ്‍ 13 വരെ തുടര്‍ന്ന ഈ ഭരണം, അദേഹത്തിന്റെ സുരക്ഷാ നയങ്ങള്‍, അധിനിവേശ മേഖലകളിലെ കെട്ടിട നിര്‍മാണം, ഇറാന്‍ വിരുദ്ധ നിലപാട്, അമേരിക്കയുമായുള്ള ബന്ധം, അറബ് രാഷ്ട്രങ്ങളുമായുള്ള കരാറുകള്‍ തുടങ്ങി ഇസ്രയേലിന്റെ ആഭ്യന്തര നയങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.
ഇസ്രയേല്‍ സെറ്റില്‍മെന്റുകളുടെ വ്യാപനമായിരുന്നു നെതന്യാഹുവിന്റെ പ്രധാന തന്ത്രം. 1967 ല്‍ ഇസ്രയേല്‍ പിടിച്ചെടുത്ത അതിര്‍ത്തികളിലും വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും സെറ്റില്‍മെന്റുകള്‍ വ്യാപിപ്പിച്ചു. അത് ഗ്രേറ്റര്‍ ഇസ്രയേലിന്റെ ഭാഗമാക്കി.

നെതന്യാഹു (വലത്) ടെല്‍ അവീവിലെ തന്റെ വീടിനു മുന്നില്‍ സുഹൃത്തിനൊപ്പം. 17 വയസുള്ളപ്പോള്‍ 1967 ല്‍ എടുത്ത ചിത്രം.
ഹമാസും നെതന്യാഹുവും തമ്മിലുള്ള ബന്ധം എന്നും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെങ്കിലും പലപ്പോഴും ഹമാസിന്റെ ആക്രമണങ്ങള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് കാരണമായി. 1996 ലെ തിരഞ്ഞെടുപ്പില്‍ ഷിമോണ്‍ പെരെസിനോട് നേടിയ വിജയത്തില്‍ നെതന്യാഹു ആയുധമാക്കിയത് ഹമാസ് നടത്തിയ ചാവേര്‍ ആക്രമണങ്ങളായിരുന്നു.
നെതന്യാഹു ഹമാസിന്റെ സാന്നിധ്യം ഉപയോഗിച്ച് പാലസ്തീന്‍ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്ര പാലസ്തീന്‍ രാജ്യത്തിന് സാധ്യത ഇല്ലാതാക്കുകയും ചെയ്തു. ഇതിനെതിരെ ഹമാസ് നെതന്യാഹുവിന്റെ കഠിന നയങ്ങളെ പാലസ്തീന്‍ ജനതയ്ക്ക് മുന്നില്‍ ആയുധമാക്കി.
2023 ഒക്ടോബര്‍ ഏഴിനാണ് നെതന്യാഹുവിന്റെ ഭരണകാലത്തെ ഏറ്റവും രക്തരൂഷിതമായ അധ്യായം ആരംഭിച്ചത്. അന്നാണ് ഹമാസ് തീവ്രവാദികള്‍ ഗാസ അതിര്‍ത്തി തകര്‍ത്ത് ഇസ്രയേലില്‍ കടന്നു കയറി വലിയ തോതിലുള്ള അതിക്രമങ്ങള്‍ നടത്തിയത്. ഇസ്രയേലിന്റെ ചരിത്രത്തിലെ വലിയ സുരക്ഷാ, ഇന്റലിജന്‍സ് പരാജയങ്ങളില്‍ ഒന്നായാണ് ആ ആക്രമണം വിലയിരുത്തപ്പെട്ടത്. അത് നെതന്യാഹുവിന്റെ നേതൃത്വം ഇഴകീറി പരിശോധിക്കുന്നതിന് വഴിവെച്ചു.
ആ ദിവസം തന്നെ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു. അതിനിടെ ഇറാന്‍ ലെബനന്‍, യെമന്‍, സിറിയ, ഖത്തര്‍ എന്നിവിടങ്ങളിലും ഇസ്രയേല്‍ സൈനികാക്രമണങ്ങള്‍ നടത്തി. ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഖത്തറിലും ആക്രമണം നടത്തിയതിനെ പല ലോക രാഷ്ട്രങ്ങളുടെയും വിമര്‍ശനത്തിന് ഇടയാക്കി. അതിനിടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും അദേഹം കുലുങ്ങിയില്ല.
തന്റെ എല്ലാ പ്രവൃത്തികളും തീരുമാനങ്ങളും ഇസ്രയേലിന്റെ സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയാണെന്നും ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജ്യത്തിന്റെ അതിജീവനത്തിനു വേണ്ടി ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന്‍ ചെയ്യുന്ന പ്രവൃത്തികളാണെന്നുമാണ് നെതന്യാഹു വ്യക്തമാക്കുന്നത്.
പ്രായോഗികമതിയും എന്നാല്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവുമായാണ് 'ബിബി, മൈ സ്റ്റോറി' എന്ന ആത്മകഥയില്‍ നെതന്യാഹു സ്വയം വിശേഷിപ്പിക്കുന്നത്. എന്തായാലും 'കിങ് ബിബി' എന്ന ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് എന്നതില്‍ സംശയമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.