ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല്‍ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കാശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സുരക്ഷാ സേന പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും വെടിവയ്പ്പും സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തത്.
ജമ്മു കാശ്മീരിലെ കുപ്വാര സെക്ടറില്‍, വൈകുന്നേരം ഏഴോടെ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മറ്റൊരു സംഭവത്തില്‍ ദുദ്നിയാല്‍ സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് സംഭവങ്ങളും ഒരേ ദിവസം നടന്നതിനാല്‍ സംഘടിതമായി ഏകോപിപ്പിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമമാണോയെന്ന് സൈന്യം സംശയിക്കുന്നു. അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും അതിര്‍ത്തിക്കപ്പുറത്ത് ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.