പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ: ബംഗാള്‍ ഉള്‍ക്കടലില്‍ നോട്ടാം പുറപ്പെടുവിച്ചു; നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും

പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ: ബംഗാള്‍ ഉള്‍ക്കടലില്‍ നോട്ടാം പുറപ്പെടുവിച്ചു; നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ നോട്ടാം (Notice to Airmen - NOTAM) പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15 നും 17 നും ഇടയില്‍ ഇന്ത്യ മിസൈല്‍ പരീക്ഷിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3,550 കിലോ മീറ്റര്‍ വരെ അപകട മേഖലയായി വ്യോമസേന അറിയിച്ചുണ്ട്. ഇതോടെയാണ് ഇന്ത്യ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്.

ഇതിന് മുന്‍പ് പുറത്തിറക്കിയ നോട്ടാം മുന്നറിയിപ്പ് മൂന്ന് തവണ പരിഷ്‌കരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകട മേഖലയായി നിശ്ചയിച്ചിരുന്നത് 1,480 കിലോ മീറ്റര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതിലെ ദൂരപരിധി 2,520 കിലോ മീറ്ററായിരുന്നു.

പിന്നാലെ വീണ്ടും പുതുക്കി 3,550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതുതരം മിസൈലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്ത് അറിയിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി' 5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹര പരിധി. നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ 'അഗ്‌നി 5'ന്റെ വേരിയന്റോ അല്ലെങ്കില്‍ 'അഗ്‌നി 6' മിസൈലിന്റെ പരീക്ഷണമോ ആകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗറ്റബില്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലാകും 'അഗ്‌നി 6' എന്നാണ് കരുതുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.