ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളില്‍ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും സംരക്ഷണം നല്‍കാന്‍ അതിവേഗ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ യോഗത്തില്‍ അദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ കൃത്യമായ പ്രവചനങ്ങളില്ലാതെ മുന്നോട്ട് എന്താണ് വരാനിരിക്കുന്നതെന്നോ അതിനായി എങ്ങനെ തയ്യാറെടുക്കണമെന്നോ തങ്ങള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ഡബ്ല്യുഎംഒ കോണ്‍ഫറന്‍സ് ചേംബറിലെ സംവാദത്തില്‍ ഗുട്ടെറസ് വ്യക്തമാക്കി. തുടര്‍ന്ന് എല്ലാവര്‍ക്കും നേരത്തെയുള്ള മുന്നറിയിപ്പുകള്‍ എന്ന സംരംഭത്തിനായി വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു അടിയന്തര ആഹ്വാനം ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ സെലസ്റ്റെ സൗലോ ഉന്നതതല യോഗത്തില്‍ നല്‍കി.
വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ വര്‍ധിപ്പിക്കുക, കാലാവസ്ഥാ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, നിരീക്ഷണ ശൃംഖലകളും ഡാറ്റാ കൈമാറ്റവും വിപുലീകരിക്കുക, ആഗോള പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗം വിലയിരുത്തിയത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ കാലാവസ്ഥ, വെള്ളപ്പൊക്കം, മറ്റ് അനുബന്ധ ദുരന്തങ്ങള്‍ എന്നിവ കവര്‍ന്നത് 20 ലക്ഷത്തിലധികം ആളുകളുടെ ജീവനാണ്. ഈ മരണങ്ങളില്‍ 90 ശതമാനം സംഭവിച്ചത് വികസ്വര രാജ്യങ്ങളിലാണ്. തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ പതിവായി മാറുന്നതിനാല്‍ സാമ്പത്തിക നഷ്ടവും വര്‍ധിക്കുകയാണെന്ന് യോഗം വിലയിരുത്തി.
യു.എന്‍ സെക്രട്ടറി ജനറല്‍ 2022 ല്‍ ആരംഭിച്ച 'എല്ലാവര്‍ക്കും നേരത്തെയുള്ള മുന്നറിയിപ്പുകള്‍' സംരംഭത്തിന് ഡബ്ല്യുഎംഒ, യുഎന്‍ ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് എന്നിവ സംയുക്തമായാണ് നേതൃത്വം നല്‍കിയത്.
എല്ലാ സര്‍ക്കാരുകളും അവരുടെ നയങ്ങളിലും സ്ഥാപനങ്ങളിലും ബജറ്റുകളിലും ഏകോപനത്തിലൂടെ നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഡബ്ല്യുഎംഒ ആവശ്യപ്പെട്ടു. ആഗോള താപനില വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന് പുനരുപയോഗ ഊര്‍ജ്ജം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ കര്‍മ്മ പദ്ധതികള്‍ രാജ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഗുട്ടെറസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.