പത്തനംതിട്ട: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തിരുവല്ലയില്‍ പത്തൊമ്പതുകാരിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിന്‍ റെജി മാത്യുവിന്(24) ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും.
പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതിക്ക് അഡീഷണല്‍ ജില്ലാ കോടതി - 1 ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിധി പ്രസ്താവനയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയും ചെയ്തു.
2019 മാര്‍ച്ച് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പക തീര്‍ക്കാനാണ് അജിന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
നാട്ടുകാര്‍ ഉള്‍പ്പെടെ ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത അടുത്ത ദിവസം തന്നെ മരിച്ചു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയാേളജി വിദ്യാര്‍ത്ഥിനിയായിരുന്നു കവിത.
ഇരുവരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്കെതിരെയുള്ള പ്രധാന തെളിവായി.
കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് സംഭവദിവസം അജിന്‍ എത്തിയത്. മൂന്നുകുപ്പി പെട്രോള്‍, കയര്‍, കത്തി എന്നിവ ബാഗില്‍ കരുതിയിരുന്നു. ബസിറങ്ങി നടന്നു വരികയായിരുന്ന കവിതയെ പിന്നാലെയെത്തിയ അജിന്‍ പെട്ടെന്ന് മുന്നില്‍ കയറി വഴിതടയുകും കത്തികൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തു.
തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇതുകണ്ടെത്തിയ നാട്ടുകാരാണ് തീ കെടുത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിന്‍ പദ്ധതിയിട്ടത്. എന്നാല്‍ അന്നുതന്നെ പൊലീസ് ഇയാളെ പിടികൂടി. അതിവേഗത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.