ഷട്ട്ഡൗണ്‍: അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാരില്ലാത്തതിനാല്‍ അഞ്ഞൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഷട്ട്ഡൗണ്‍: അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാരില്ലാത്തതിനാല്‍ അഞ്ഞൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ഷട്ട്ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ചിക്കാഗോ എന്നിവ ഉള്‍പ്പെടെ യുഎസില്‍ ഉടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് നീക്കം.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് സര്‍വീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളും വെട്ടിക്കുറച്ചു. വിമാന തടസങ്ങള്‍ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്ളൈറ്റ്അവെയര്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.

ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെങ്കിലും അന്താരാഷ്ട്ര സര്‍വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഷട്ട്ഡൗണില്‍ ഭക്ഷ്യ സഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പ് നല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.