ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തത് തെറ്റിധാരണയുണ്ടാക്കി; ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും സിഇഒ ഡെബോറ ടേർണസും രാജിവച്ചു; നടപടിയെ സ്വാഗതം ചെയ്ത് ട്രംപ്

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തത് തെറ്റിധാരണയുണ്ടാക്കി; ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും സിഇഒ ഡെബോറ ടേർണസും രാജിവച്ചു; നടപടിയെ സ്വാഗതം ചെയ്ത് ട്രംപ്

വാഷിങ്ടൺ: 2021 ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചു.

ബിബിസി ഡയറക്ടർ ജനറൽ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാർക്കയച്ച കത്തിൽ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാന പ്രകാരമായിരുന്നെന്നും ഡേവി അറിയിച്ചു. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസിയുടെ ബോർഡുമായി സഹകരിക്കുമെന്നും അദേഹം പറഞ്ഞു.

ബിബിസി പനോരമ ഡോക്യുമെന്ററി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത 'ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ഡോക്യുമെന്ററി; സംബന്ധിച്ചായിരുന്നു വിവാദം.

2021 ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ബിബിസിയിലെ ആഭ്യന്തര മെമ്മോ പുറത്താവുകയും ദ് ടെലഗ്രാഫ് അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

ബിബിസി മേധാവികളുടെ രാജിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ട്രംപ് ട്രൂത്ത് സോഷ്യൽ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയെയും അദ്ദേഹത്തിന്റെ നേതൃത്വ സംഘത്തെയും ” തീരെ വിശ്വസിക്കാൻ കൊള്ളാത്ത ആളുകൾ” എന്ന് പ്രസിഡന്റ് വിശേഷിപ്പിച്ചു. കൂടാതെ ബിബിസി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൈകടത്താൻ ശ്രമിച്ചെന്നും ആരോപിച്ചു.

“ജനുവരി ആറിലെ എന്റെ വളരെ നല്ല (ഏറ്റവും മികച്ചത്) പ്രസംഗം വളച്ചൊടിച്ച് വ്യാജമായി നിർമിച്ചത് പിടിക്കപ്പെട്ടതിനാൽ ബിബിസിയിലെ മുൻനിരയിലുള്ള എല്ലാവരും ബോസ് ആയ ടിം ഡേവി ഉൾപ്പെടെ രാജിവച്ചു അല്ലെങ്കിൽ അവരെ പിരിച്ചുവിട്ടു. ഈ അഴിമതിക്കാരായ പത്രപ്രവർത്തകരെ തുറന്നുകാട്ടിയതിന് ദി ടെലിഗ്രാഫിന് നന്ദി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ച വിശ്വാസ്യത തീരെയില്ലാത്ത ആളുകളാണിവർ. മറ്റെല്ലാറ്റിനുമുപരി അവർ ഒരു വിദേശ രാജ്യത്ത് നിന്നുള്ളവരാണ്. ജനാധിപത്യത്തിന് എന്തൊരു ഭീഷണിയാണ് ഇതെല്ലാം!”- ട്രംപ് കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.