ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ സ്ഫോടനം നടത്തിയ ചാവേര്‍ ഡോ. ഉമര്‍ മുഹമ്മദ് തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. സ്ഫോടന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും ഡോ. ഉമറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് അറ്റുപോയ ഒരു കൈ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉമറിന്റേതാണെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കാശ്മീരിലുള്ള ഉമറിന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഡല്‍ഹി സ്ഫോടനവും ഫരീദാബാദില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തതും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് വരികയാണ് പൊലീസ്. പിടിയിലായ ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ഡോ. ഉമര്‍ എന്നാണ് കണ്ടെത്തല്‍. ജമ്മു കാശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഇയാള്‍. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഉമര്‍.
ഉമറിന്റെ പിതാവ് സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്നങ്ങള്‍ കാരണം ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടില്‍ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്. ഇതില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരാണ്. നിലവില്‍ ഉമറിന്റെ രണ്ട് സഹോദരന്മാരെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഉമര്‍ എംഡി പൂര്‍ത്തിയാക്കിയത്. ശേഷം ജിഎംസി അനന്തനാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയും പിന്നീട് ഡല്‍ഹിയിലേക്ക് പോവുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.