മുംബൈ: ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തങ്ങളുടെ ദേശീയ അജണ്ട നടപ്പാക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതാണെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. 2024 മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ അതേ പാറ്റേണാണ് ബിഹാറിലും കണ്ടതെന്ന് അദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോര്‍ത്ത് നടപ്പിലാക്കുന്ന ദേശീയ അജണ്ട നോക്കുമ്പോള്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലം സാധ്യമല്ല. ഇത് മഹാരാഷ്ട്ര പാറ്റേണ്‍ പോലെയാണെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ബിഹാറില്‍ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖ്യം 50 സീറ്റില്‍ താഴെയായെന്നും റാവത്ത് പറഞ്ഞു. ബിജെപി- ശിവസേന- എന്‍സിപി (അജിത് പവാര്‍) പാര്‍ട്ടികളുടെ മഹായുതി സഖ്യമായിരുന്നു കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വിജയിച്ചത്.
അതേസമയം സ്ത്രീ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത 10000 രൂപയാണ് ബിഹാറിലെ ഫലത്തെ സ്വാധീനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 'മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന' പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10000 രൂപ നിക്ഷേപിച്ചെന്നായിരുന്നു എന്‍ഡിഎയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലയളവില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്യുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നെന്നും അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചു.
മാത്രമല്ല ഇതൊരു തരം വോട്ട് മോഷണമാണെന്നും അദേഹം കുറ്റപ്പെടുത്തി. സെപ്റ്റംബര്‍ 26 നാണ് പ്രധാനമന്ത്രി എം.എം.ആര്‍.വൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പത്ത് ദിവസത്തിന് ശേഷം ഒക്ടോബര്‍ ആറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കള്‍ക്ക് 10000 രൂപ നല്‍കുന്നത്.
ബിജെപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേറുകയാണ്. കനത്ത തിരിച്ചടിയാണ് തേജസ്വിയുടെ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് നേരിടേണ്ടി വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.