അബൂജ: നൈജീരിയയിൽ സായുധധാരികൾ കത്തോലിക്ക ബോർഡിംഗ് സ്‌കൂൾ ആക്രമിച്ച് 200 ൽ അധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെൻ്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
തോക്കുധാരികൾ സ്‌കൂളിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയതായി ക്രിസ്‌ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു. 215 വിദ്യാർത്ഥികളെയും 12 ജീവനക്കാരെയും ആണ് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഒരാഴ്ചയ്ക്കിടെ നൈജീരിയയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ബോർഡിംഗ് സ്‌കൂൾ ആക്രമിക്കപ്പെടുകയും 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. സെൻട്രൽ നൈജീരിയയിലെ ഒരു പള്ളിക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് വിശ്വാസികൾ കൊല്ലപ്പെടുകയും പാസ്റ്റർ ഉൾപ്പെടെ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു.
നൈജീരിയയിൽ വർധിച്ചു വരുന്ന ക്രിസ്‌ത്യൻ വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യു.എസ് പ്രസിഡൻ്റ് ട്രംപ് സൈനിക നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇൻ്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇൻ്റർ സൊസൈറ്റി) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 76 ദിവസത്തിനിടെ നൂറിലധികം ക്രൈസ്‌തവർ കൊല്ലപ്പെടുകയും 120 പേരെ ഇസ്ലാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും ക്രിസ്ത്യാനികൾക്ക് നേരെ വ്യവസ്ഥാപിതമായ ആക്രമണങ്ങൾ തുടരുന്നതിൽ വിശ്വാസികൾ ആശങ്കാകുലരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.