ന്യൂഡൽഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. രാവിലെ 9.15നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.
ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയെന്നാണ് വിവരം. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവാസിയുടെ കാലാവധി ഇന്നലെയാണ് അവസാനിച്ചത്.
ചീഫ് ജസ്റ്റിസ് ആയി പദവിയിലെത്തിയാൽ ജസ്റ്റിസ് സൂര്യകാന്ത് ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മുമ്പ് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് അദേഹം പറഞ്ഞു.
നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് ജൂലൈയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, വിവിധ കോടതികളിലായി 5.29 കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ ജില്ലാ കോടതികളിൽ 4.65 കോടിയും ഹൈക്കോടതികളിൽ 63.30 ലക്ഷവും സുപ്രീം കോടതിയിൽ 86,742 കേസുകളും ഉൾപ്പെടുന്നു.
ജില്ലാ, കീഴ്കോടതികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹൈക്കോടതികളുമായി അടുത്ത് പ്രവർത്തിക്കുക എന്നതാണ് തന്റെ ആദ്യ നടപടികളിലൊന്ന് എന്നും അദേഹം പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, വിധിന്യായത്തിനായി കാത്തിരിക്കുന്ന പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച്, ഏഴ്, ഒമ്പത് ജഡ്ജിമാർ എന്നിങ്ങനെ വ്യത്യസ്ത ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുമെന്ന് ജസ്റ്റിസ് കാന്ത് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.