വായു മലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

വായു മലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതോടെ ന്യൂഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ. അതിനിടെ ഡല്‍ഹിയില്‍ വായു മലിനീകരണത്തിനെതിരായ ജന്‍ സി പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി പൊലീസ്. ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

വായു മലിനീകരണത്തിന്റെ മറവില്‍ മാവോയിസം പ്രചരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നാണ് ബിജെപി വാദം. പ്രതിഷേധവുമായി അര്‍ബന്‍ നക്‌സലുകള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കണമെന്നാണ് നിര്‍ദേശം.

വായു മലിനീകരണം കുറയ്ക്കാന്‍ നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്ന് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെയും ഡല്‍ഹിയിലെയും ചീഫ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.