കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തില്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലന്‍ എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാരുമെന്ന് റിപ്പോര്‍ട്ട്. ജോര്‍ജിയന്‍ സ്വദേശികളായ ആറ് പേര്‍, 17 ഉക്രെയ്ന്‍ സ്വദേശികള്‍, മൂന്ന് ഇന്ത്യക്കാര്‍, രണ്ട് റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന 'മാരിനേര' എന്ന എണ്ണക്കപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്.
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് യു.എസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. ഉപരോധം ലംഘിച്ച് എണ്ണ വ്യാപാരം നടത്തിയ വെനസ്വേല കപ്പലിന് വേണ്ടി അറ്റ്ലാന്റിക് സമുദ്രത്തില്‍ യു.എസ് സൈന്യം രണ്ടാഴ്ചയിലേറെയായി തിരച്ചില്‍ തുടരുകയായിരുന്നു.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യു.എസ് വിലക്കിയിരുന്ന ബെല്ല 1 എന്ന കപ്പല്‍ അടുത്തിടെയാണ് മാരിനേര എന്ന് പേര് മാറ്റിയത്. കരീബിയന്‍ കടലില്‍ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യു.എസ് പിടിച്ചെടുത്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസ് നടപടിയോട് റഷ്യ പ്രതികരിച്ചു. അതേസമയം വെനസ്വേലയില്‍ നിന്നുള്ള എണ്ണയുമായി യു.എസ് എണ്ണക്കമ്പനിയായ ഷെവ്‌റോണിന്റെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടു. കമ്പനി 11 ടാങ്കറുകളാണ് യു.എസിലേക്ക് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എണ്ണ യു.എസിന് അല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്നാണ് വെനസ്വേലയോടുള്ള യു.എസ് ശാസന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.