'ബോര്‍ഡ് ഓഫ് പീസി'ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

'ബോര്‍ഡ് ഓഫ് പീസി'ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: ലോക സമാധാനത്തിനെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയര്‍മാനായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗങ്ങളാകാന്‍ വിമുഖത പ്രകടിപ്പിച്ച് യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ചൈന അടക്കം വന്‍കിട രാജ്യങ്ങള്‍.

ഹംഗറി, അര്‍ജന്റീന, യുഎഇ, ഖത്തര്‍, സൗദി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തുര്‍ക്കി, ബഹ്റൈന്‍ തുടങ്ങി 19 ചെറുകിട രാജ്യങ്ങളാണ് ഇതുവരെ 'ബോര്‍ഡ് ഓഫ് പീസി'ല്‍ ചേര്‍ന്നത്. ഇന്ത്യ ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്കാണ് ട്രംപ് ക്ഷണപത്രം അയച്ചിരുന്നത്. ഇന്ത്യയും പുതിയ നീക്കത്തോട് യോജിച്ചിട്ടില്ല. അംഗത്വത്തിനായി ഒരു ബില്യന്‍ ഡോളര്‍ നല്‍കണമെന്നാണ് നിര്‍ദേശം.

ട്രംപിന്റെ നടപടി നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയെന്ന് പരക്കെ വിമര്‍ശനവും ഉയരുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയും ആശങ്ക പങ്കുവച്ചു. അതിനിടെ 'ബോര്‍ഡ് ഓഫ് പീസി'ല്‍ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാന്‍സിനെതിരെ ഭീഷണി മുഴക്കുകയും ഫ്രാന്‍സില്‍ നിന്നുള്ള വൈനിനും ഷാംപെയ്‌നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ട്രംപ് സമിതിയിലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിന്‍വലിച്ചു.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിസംബോധന ചെയ്ത് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് ക്ഷണം പിന്‍വലിച്ച കാര്യം ട്രംപ് അറിയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ മാര്‍ക്ക് കാര്‍ണി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

പരിവര്‍ത്തനമല്ല, അടിസ്ഥാനപരമായ തകര്‍ച്ചയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് കാര്‍ണി ദാവോസിലെ സാമ്പത്തിക ഫോറത്തില്‍ പറഞ്ഞിരുന്നു. വന്‍ ശക്തികള്‍ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരിഫില്‍ സ്വാധീനം ചെലുത്തുന്നതും വര്‍ധിച്ചു വരുന്നുവെന്നും കാര്‍ണി തുറന്നടിച്ചു.

അമേരിക്കയുടേയോ ട്രംപിന്റേയോ പേര് എടുത്ത് പറയാതെയായിരുന്നു കാര്‍ണിയുടെ പരാമര്‍ശം. എന്നാല്‍ ഇത് ട്രംപിനെതിരേയാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ അമേരിക്ക കാരണമാണ് കാനഡ നിലനില്‍ക്കുന്നതെന്ന മറുപടിയുമായി ട്രംപ് രംഗത്തെത്തി. അടുത്ത തവണ കാര്‍ണി ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ ശ്രദ്ധിച്ചു വേണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അമേരിക്ക കാരണമല്ല തങ്ങള്‍ നിലനില്‍ക്കുന്നതെന്നും തങ്ങള്‍ കനേഡിയന്‍സ് ആണെന്നും മാര്‍ക്ക് കാര്‍ണി മറുപടി നല്‍കി. വാഷിങ്ടണുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക കാരണം അല്ല കാനഡയുടെ നിലനില്‍പ്പ് എന്ന് കാര്‍ണി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

അതേസമയം ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നു. ന്യൂയോര്‍ക്ക് ടൈംസും സിയേന യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ട്രംപിന്റെ ഗ്രാഫ് താഴ്ന്നത്. തെറ്റായ വിഷയങ്ങളിലാണ് പ്രസിഡന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും അഭിപ്രായപ്പെട്ടതായി സര്‍വ്വേ ചൂണ്ടികാണിക്കുന്നു.

സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ അമേരിക്കക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തതെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പ്രതിരോധം, കുടിയേറ്റം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, വെനസ്വേലയിലെ കടന്നു കയറ്റം തുടങ്ങിയ കാര്യങ്ങളിലെ ട്രംപിന്റെ നയത്തെ ഭൂരിഭാഗം അമേരിക്കക്കാരും പിന്തുണക്കുന്നില്ല എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പുതിയ നയങ്ങള്‍ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

ട്രംപിന്റെ ആദ്യ ഭരണം തന്നെ ഒരു പരാജയമായിരുന്നു എന്ന് 58 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ നിലപാടുകള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് 49 ശതമാനം പേര്‍ പറയുന്നു. എന്നാല്‍ 32 ശതമാനം വോട്ടര്‍മാര്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്ന അഭിപ്രായക്കാരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.