ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ നീക്കം; മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുടെ മധ്യസ്ഥതയില്‍ ദുബായില്‍ ചര്‍ച്ച

ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ നീക്കം; മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുടെ മധ്യസ്ഥതയില്‍   ദുബായില്‍ ചര്‍ച്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ നീക്കം. ഇതുസംബന്ധിച്ച് ഇന്ന് ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്തകളോട് ശശി തരൂര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തിലെ അവഗണനയില്‍ തരൂര്‍ അതൃപ്തിയിലാണ്. ഇതിനിടെയാണ് ചര്‍ച്ച നടക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂര്‍ ദുബായില്‍ എത്തിയത്. ഇന്ന് വൈകുന്നേരം വ്യവസായിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തരൂര്‍ ക്യാമ്പ് തള്ളുന്നില്ല.

27 നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ആ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ തുടരുന്നതിനിടെയാണ് സിപിഎമ്മില്‍ നിന്നും പുതിയ നീക്കം.

മഹാപഞ്ചായത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതില്‍ തരൂരിന് അതൃപ്തിയുണ്ടായിരുന്നു.

പ്രസംഗത്തിന് മുന്നോടിയായി തനിക്ക് ലഭിച്ച പട്ടികയില്‍ തരൂരിന്റെ പേരില്ലായിരുന്നു. അതിനാലാണ് പേര് പരാമര്‍ശിക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ വിഷയം സംബന്ധിച്ച് പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന നിലപാടിലാണ് തരൂര്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തരൂരിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.