ശത്രുവിന് തൊടാനാവില്ല, സഞ്ചാര പഥത്തില്‍ അപ്രതീക്ഷിത മാറ്റം വരുത്തും; നാവിക സേനയ്ക്കായി പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍

ശത്രുവിന് തൊടാനാവില്ല, സഞ്ചാര പഥത്തില്‍ അപ്രതീക്ഷിത മാറ്റം വരുത്തും; നാവിക സേനയ്ക്കായി പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍

ന്യൂഡല്‍ഹി: പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് നാവികസേന കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്നതും ബ്രഹ്മോസ് മിസൈലിന്റെ വെര്‍ട്ടിക്കല്‍ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിക്കുന്നത്.

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ഏവിയോണിക്സ്, സെന്‍സര്‍ പാക്കേജുകള്‍ എന്നിവയാകും ഇതില്‍ ഉപയോഗിക്കുക. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ക്ക് സഞ്ചാര പഥത്തില്‍ അപ്രതീക്ഷിതമായി മാറ്റം വരുത്താന്‍ സാധിക്കും. ഇവയുടെ സഞ്ചാരപഥം ഗണിച്ചെടുത്ത് പ്രതിരോധിക്കുക ദുഷ്‌കരമാണ്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ സഹായിക്കുന്നു. ചലിക്കുന്ന യുദ്ധക്കപ്പലുകളെയും നിശ്ചലമായ ലക്ഷ്യങ്ങളെയും ഒരേപോലെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്.

വിമാനവാഹിനി കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന 1500 കിലോ മീറ്റര്‍ ദൂരം വരെ പ്രഹരപരിധിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ നേരത്തെ വികസിപ്പിച്ചിരുന്നു. ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് ഹൈപ്പര്‍ സോണിക് മിസൈലായ ഇതിന് 12 ടണ്ണോളം ഭാരമുണ്ട്. മാത്രമല്ല കരയില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പന. ഇത്രയും ഭാരമുള്ള മിസൈല്‍ സാധാരണ യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാനാവില്ല. ഈ പ്രശ്നം പരിഹരിക്കാനും വളരെ പെട്ടെന്ന് ശത്രുവിനെതിരെ ആക്രമണം നടത്താനുമാണ് പുതിയ മിസൈല്‍ വികസിപ്പിക്കുന്നത്.

യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കുന്ന തരത്തില്‍ പരമാവധി മൂന്ന് ടണ്‍ ഭാരമുള്ള മിസൈല്‍ വികസിപ്പിക്കാനാണ് ഡിആര്‍ഡിഒയുടെ പദ്ധതി. നിലവിലുള്ള ബ്രഹ്മോസ് ലോഞ്ചറുകളില്‍ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഈ പുതിയ മിസൈല്‍ ഉപയോഗിക്കാനാകും. ഇത് ചെലവ് കുറയ്ക്കാനും വേഗത്തില്‍ സേനയുടെ ഭാഗമാക്കാനും സഹായിക്കും.

പദ്ധതിയുടെ പരീക്ഷണ തിയതികളും മറ്റ് വിവരങ്ങളും സുരക്ഷാ കാരണങ്ങളാല്‍ നിലവില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ മിസൈല്‍ സേനയുടെ ഭാഗമാക്കുന്ന തരത്തിലാണ് ഗവേഷണം മുന്നേറുന്നത്. ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിന്യസിച്ച രാജ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.