അൽ-ജസീറ: വടക്കു കിഴക്കൻ സിറിയയിൽ സൈനിക നീക്കങ്ങൾ ശക്തമായതോടെ മേഖലയിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിൽ. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് പിന്മാറിയതിനെത്തുടർന്ന് അൽ-ജസീറ മേഖലയുടെ വലിയൊരു ഭാഗം സർക്കാർ സൈന്യം നിയന്ത്രണത്തിലാക്കി. ഈ സാഹചര്യത്തിൽ ഭീകരസംഘടനയായ ഐഎസ് വീണ്ടും തിരിച്ചുവന്നേക്കുമെന്ന ഭയത്തിലാണ് ക്രൈസ്തവർ.
ഹസക, ഖാമിഷ്‌ലി നഗരങ്ങൾ തിരിച്ചുപിടിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സംഘർഷങ്ങൾ ഒഴിവാക്കി രാഷ്ട്രീയ പരിഹാരത്തിലൂടെ സമാധാനം കൊണ്ടുവരണമെന്നാണ് ക്രൈസ്തവ സഭകളുടെ ആവശ്യം.
എസ്ഡിഎഫ് പിന്മാറിയതോടെ, ആയിരക്കണക്കിന് ഐഎസ് തടവുകാർ പാർപ്പിച്ചിരുന്ന ജയിലുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ശക്തമായിട്ടുണ്ട്. അൽ-ഹോൾ ക്യാമ്പ്, അൽ-ഷദ്ദാദി ജയിൽ എന്നിവ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ്. അൽ-ഷദ്ദാദിയിൽ നിന്ന് ചില തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രത്യേക സേന അവരെ പിടികൂടിയിരുന്നു.
സുരക്ഷ മുൻനിർത്തി ഏകദേശം 7,000 ഐഎസ് തടവുകാരെ യുഎസ് സൈന്യം ഇറാഖിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. അനുരഞ്ജനത്തിനും ചർച്ചയ്ക്കും മുൻഗണന നൽകണമെന്ന് സിറിയയിലെ കൽദായ സഭാ തലവൻ ബിഷപ്പ് ആന്റോയ്ൻ ഔഡോ ആവശ്യപ്പെട്ടു. ക്രൈസ്തവർ പ്രത്യാശയുടെ വക്താക്കളാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
ഐഎസിന്റെ തിരിച്ചുവരവ് ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും വലിയ ഭീഷണിയാകുമെന്ന് അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ ഡെപ്യൂട്ടി ഹെഡ് ബഷർ ഇഷാഖ് സാദി പറഞ്ഞു. 2015 ൽ ഖാബൂർ നദീതീരത്തെ 34 അസീറിയൻ ഗ്രാമങ്ങൾ ഐഎസ് ആക്രമിച്ചതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന 15,000 ക്രൈസ്തവർ വെറും 1,000 ആയി ചുരുങ്ങിയ ചരിത്രം അദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിന് പുറമെ രാഷ്ട്രീയ അടിച്ചമർത്തലുകളും വിവേചനവും ക്രൈസ്തവരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതായി സാദി വ്യക്തമാക്കി. മതനിരപേക്ഷവും പൗരാവകാശങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു ഭരണകൂടത്തിന് മാത്രമേ സിറിയയിൽ സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്നും അദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.