വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ പൂജ്യമാക്കും. ഇതുപ്രകാരം നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരമാകും എന്നാണ് അറിയുന്നത്.
പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങളായ അരി, ഗോതമ്പ്, ചോളം, ധാന്യം, ജനിതക വിളകള്‍, സോയ, ഇറച്ചി തുടങ്ങിയവയ്ക്ക് ഇന്ത്യ സംരക്ഷണം നല്‍കും. വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന വന്ന് രണ്ടു ദിവസത്തില്‍ 25 ശതമാനം പിഴ തീരുവ പിന്‍വലിക്കും. ടെക്‌സ്‌റ്റൈല്‍സ് അടക്കം പ്രധാന മേഖലകളില്‍ തീരുവ 18 ശതമാനമായി ഉടന്‍ കുറയ്ക്കും.
ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന മികച്ച കരാറെന്നാണ് അമേരിക്കയുടെ പ്രതികരണം. കരാറിന്റെ വിശദ രേഖ അവസാന ഘട്ടത്തിലാണെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി അംബാസഡര്‍ ജേമിസണ്‍ ഗ്രിയര്‍ പറഞ്ഞു.
വൈറ്റ് ഹൗസ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കും. ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയും ഉടനുണ്ടാകും. ഇന്ത്യക്കെതിരെ 18 ശതമാനം തീരുവ ചുമത്തുന്നത് നിലവിലെ 55 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി കുറയ്ക്കാനെന്നും ജേമിസണ്‍ ഗ്രിയര്‍ പറഞ്ഞു.
കരാര്‍ പ്രകാരം അമേരിക്കന്‍ വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ പൂര്‍ണമായി ഒഴിവാക്കും. പഴങ്ങള്‍, പച്ചക്കറി, വൈന്‍, മദ്യം എന്നിവക്കും ഇന്ത്യയുടെ തീരുവ പൂജ്യമാകും. ഇന്ത്യയുടെ സംരക്ഷിത കൃഷി മേഖലയിലേക്ക് കൂടുതല്‍ പ്രവേശനം നേടാന്‍ അമേരിക്ക തുടര്‍ന്നും ശ്രമിക്കുമെന്ന് ഗ്രിയര്‍ പറഞ്ഞു. ഇന്ത്യ-യു.എസ് വ്യാപാരത്തിലെ പല സാങ്കേതിക തടസങ്ങളും നീക്കും. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നിലവാരം അംഗീകരിക്കാന്‍ പുതിയ പ്രക്രിയ നിലവില്‍ വരും.
അതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ വാഷിങ്ടണിലെത്തി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു.
ഇന്ത്യ-അമേരിക്ക ബന്ധം ഊര്‍ജിതപ്പെടുത്താനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിങ്ടണില്‍ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കല്‍ മിനറല്‍സ് ഉച്ചകോടിയില്‍ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങള്‍ പങ്കെടുക്കും. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായും എസ്. ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ടെലിഫോണ്‍ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ വാഷിങ്ടണ്‍ സമ്മതിച്ചിട്ടുണ്ട്.
ഇത് ഉടനടി പ്രാബല്യത്തില്‍ വരും. കരാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ പ്രധാന സംരംഭമായ 'മേക്ക് ഇന്‍ ഇന്ത്യ'യെ കരാര്‍ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.