വാഷിങ്ടണ്‍: അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കിയതിന് പിന്നാലെ ട്രംപ് ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് എന്നിവര്‍ തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
യു.എസ് കരസേനാ മേധാവി റാന്‍ഡി ജോര്‍ജിനോട് രാജിവെക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ തുടരെത്തുടരെയുള്ള ഈ അഴിച്ചുപണികള്‍ വലിയ ചര്‍ച്ചയാകുകയാണ്.
അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് അനുസരിച്ച്, കാഷ് പട്ടേല്‍, തുള്‍സി ഗബ്ബാര്‍ഡ്, ആര്‍മി സെക്രട്ടറി ഡാനിയല്‍ ഡ്രസ്‌കോള്‍, ലേബര്‍ സെക്രട്ടറി ലോറി ഷാവേസ് ഡിറിമര്‍ എന്നിവര്‍ ഉടനെ പുറത്തായേക്കുമെന്നാണ് സൂചന. അതേസമയം എപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്ന് വ്യക്തമല്ല.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടേലിനെ ഉടന്‍ നീക്കുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കാഷ് പട്ടേലിനെ ഇന്ന് തന്നെ പുറത്താക്കുമെന്നും പുനസംഘടന നടത്തിയേക്കുമെന്നും കണ്‍സര്‍വേറ്റീവ് കമന്റേറ്റര്‍ സെറാഫിന്‍ പറഞ്ഞു.
ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ നിലപാടുകളോട് ട്രംപിന് നേരത്തേ തന്നെ വിയോജിപ്പുകളുണ്ടായിരുന്നു. ഇറാനെതിരായ സൈനിക നടപടികളില്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളുമായി തുള്‍സിക്ക് യോജിപ്പില്ലെന്നാണ് സൂചന.
ആ പശ്ചാത്തലത്തില്‍ തുള്‍സിയുടെ സ്ഥാനവും തെറിച്ചേക്കാനിടയുണ്ട്. യു.എസ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ പാം ബോണ്ടിക്ക് പകരക്കാരെ തേടുന്നതായും വിവരമുണ്ട്. അതിനിടെയാണ് തുള്‍സി അടക്കം ഉന്നതതലങ്ങളില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.
അടുത്തിടെ ട്രംപ് എടുത്ത തീരുമാനങ്ങളോട് പൊതുവേ സ്വാഗതാര്‍ഹമായ സമീപനമല്ല തുള്‍സി ഗബ്ബാര്‍ഡെടുത്തത്. അതില്‍ പ്രധാനമായ ഒന്ന് യു.എസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എന്‍സിടിസി) മേധാവി ജോ കെന്റിന്റെ രാജിയായിരുന്നു. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലിയാണ് അദേഹം രാജിവെക്കുന്നത്.
ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മര്‍ദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് എക്‌സ് പ്ലാറ്റ് ഫോമില്‍ ജോ കെന്റ് രാജിപ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതിനെ അപലപിക്കാന്‍ തുള്‍സി തയ്യാറായിരുന്നില്ല. സൈനിക ഇടപെടലുകളോടുള്ള ഗബ്ബാര്‍ഡിന്റെ മുന്‍കാല നിലപാടുകള്‍ കാരണം ട്രംപ് തുള്‍സുമായി അകല്‍ച്ചയിലുമായിരുന്നു.
അമേരിക്ക വെനസ്വേലന്‍ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് 2019 ല്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുന്ന യുദ്ധക്കൊതിയന്മാരെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ അമേരിക്ക നടത്തിയ അതീവ രഹസ്യമായ 'ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വുമായി ബന്ധപ്പെട്ട മാസങ്ങള്‍ നീണ്ട ആസൂത്രണ പ്രക്രിയകളില്‍ നിന്ന് തുള്‍സിയെ വൈറ്റ് ഹൗസ് മനപൂര്‍വ്വം മാറ്റി നിര്‍ത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഗബ്ബാര്‍ഡിനെ മാറ്റണമോ എന്നകാര്യം ട്രംപ്, മന്ത്രിസഭയിലെ അംഗങ്ങളോട് ചോദിച്ചതായും വിവരമുണ്ട്.
യു.എസ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ പുറത്താക്കിയതായി ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയച്ചതിന് പിന്നാലെയാണ് തലപ്പത്തെ ഈ നീക്കങ്ങള്‍. ബോണ്ടിക്കു പകരം നിലവിലെ ഡെപ്യൂട്ടി അറ്റോര്‍ണിജനറല്‍ ടോഡ് ബ്ലാന്‍ക് ആക്ടിങ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിക്കും. ബോണ്ടിയുടെ പ്രവര്‍ത്തനത്തിലെ അതൃപ്തിയുമാണ് നടപടിക്കു പിന്നിലെന്നാണ് വിലയിരുത്തല്‍.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകള്‍ പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് ബോണ്ടിയോട് ട്രംപിന് നീരസമുണ്ടായെന്നും പറയപ്പെടുന്നു. യു.എസ് നീതിന്യായ വകുപ്പിന്റെ മേധാവിയെന്ന നിലയില്‍ എപ്സ്റ്റീന്‍ രേഖകളില്‍ പരാമര്‍ശിക്കുന്ന തന്റെ രാഷ്ട്രീയ എതിരാളികളെ വിചാരണ ചെയ്യാനും അവര്‍ക്കെതിരേ മതിയായ അന്വേഷണം നടത്താനും ബോണ്ടി തയ്യാറാകാത്തതിലും അതൃപ്തിയുണ്ട്.
അടുത്തിടെ ട്രംപിന്റെ കാബിനിറ്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ അംഗമാണ് ബോണ്ടി. നേരത്തേ ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.