യേശു ക്രിസ്തുവിനെ ചങ്ങലയില്‍ ബന്ധിച്ച് ചാട്ടാവാറിനടിച്ച 'സംതംഭം' സൂക്ഷിച്ചിരിക്കുന്ന സാന്താ പ്രസീദെ ബസിലിക്കയില്‍ ഭക്തജന തിരക്ക്

യേശു ക്രിസ്തുവിനെ ചങ്ങലയില്‍ ബന്ധിച്ച് ചാട്ടാവാറിനടിച്ച 'സംതംഭം' സൂക്ഷിച്ചിരിക്കുന്ന സാന്താ പ്രസീദെ ബസിലിക്കയില്‍ ഭക്തജന തിരക്ക്

വത്തിക്കാന്‍ സിറ്റി: പീലാത്തോസിന്റെ അരമനയില്‍ യേശു ക്രിസ്തുവിനെ ചങ്ങലയില്‍ ബന്ധിച്ച് ചാട്ടാവാറിനടിച്ച സംതംഭം  (Flagellation Column) സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്താ പ്രസീദെ ബസിലിക്കയില്‍ സന്ദര്‍ശകരുടെ തിരക്ക്. ലോക പ്രശസ്തമായ റോമിലെ സാന്താ മരിയ മജോറാ ബസിലിക്കയ്ക്ക് തൊട്ടടുത്താണ് സാന്താ പ്രസീദെ ബസിലിക്ക.

എ.ഡി 400 ല്‍ പണികഴിപ്പിച്ച ഈ പുരാതന ദേവാലയം വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ ശിഷ്യനായിരുന്ന പുഡെന്‍ഷ്യസിന്റെ മകള്‍ വിശുദ്ധ പ്രസീദെയുടെ പേരിലുള്ളതാണ്. ഒന്‍പതാം നൂറ്റാണ്ടിലെ അതിമനോഹരമായ ബൈസന്റൈന്‍ മൊസൈക് കലകള്‍ ഈ ബസിലിക്കയെ കൂടുതല്‍ മനോഹരമാക്കുന്നു.

ബസിലിക്കയിലെ സെന്റ് സെനോ ചാപ്പലിലാണ് ഈ വിശുദ്ധ സ്തംഭം സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണ മൊസൈക്കുകളാല്‍ അലംകൃതമായ ഈ ചാപ്പലില്‍ വിശ്വാസികള്‍ക്ക് ഈ തിരുശേഷിപ്പ് ദര്‍ശിക്കാവുന്നതാണ്.

ഏകദേശം 63 സെന്റി മീറ്റര്‍ ഉയരവും 20 സെന്റി മീറ്റര്‍ വ്യാസവുമുള്ള ഈ തൂണ്‍ ഗാബ്രോ ഡയോറൈറ്റ് എന്ന കരിങ്കല്ലിനാലാണ് നിര്‍മിച്ചിരിക്കുന്നത്. 1223 ല്‍ കര്‍ദിനാള്‍ ജിയോവന്നി കൊളോണയാണ് ജറുസലേമില്‍ നിന്ന് ഈ തിരുശേഷിപ്പ് റോമിലേക്ക് കൊണ്ടുവന്നത്.

സാന്താ മരിയ മജോറാ ബസിലിക്കയുടെ വലത് വശത്തുള്ള റോഡ് മുറിച്ചു കടന്ന് അല്‍പദൂരം മുന്നോട്ട് നടന്നാല്‍ സാന്താ പ്രസീദെ ബസിലിക്കയില്‍ എത്താം. പള്ളിയുടെ പുറംഭാഗം ലളിതമാണെങ്കിലും ഉള്ളിലെ ബൈസന്റൈന്‍ കലയും സ്വര്‍ണ്ണ മൊസൈക്കുകളും സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തും. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഇവിടുത്തെ ക്രിപ്റ്റില്‍ വിശുദ്ധ പ്രസീദെയുടെ തിരുശേഷിപ്പുകളും സംരക്ഷിക്കപ്പെടുന്നുണ്ട്.

റോമിലെ സ്തംഭത്തെ കൂടാതെ യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട മറ്റ് തൂണുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ജറുസലേമിലെ ഹോളി സെപല്‍ച്ചര്‍ ബസിലിക്കയിലും ഇസ്താംബൂളിലും ബൊളോണയിലുമാണ് ഇവയുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.