ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുദ്ധം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക മേഖലയെയും എപ്രകാരം ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ആരംഭിച്ച ശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ അടിയന്തര സുരക്ഷാ യോഗമാണിത്. വിദേശകാര്യം, പ്രതിരോധം, പെട്രോളിയം, വാണിജ്യം എന്നി മന്ത്രാലയങ്ങള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി. ഇന്ധന വില വര്‍ധനവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനുള്ള കര്‍ശന നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
യുദ്ധ മേഖലയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. സാഹചര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ ഇവരെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനുള്ള ഒഴിപ്പിക്കല്‍ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യ നടത്തേണ്ട നയതന്ത്ര ഇടപെടലുകളെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.