ഒട്ടാവ: നൂറ്റാണ്ടിലെ ഏറ്റവും വലിയ അതിശൈത്യത്തില്‍ വലഞ്ഞ് ലോക രാജ്യങ്ങള്‍. ജപ്പാനില്‍ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ 46 പേര്‍ മരണമടഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ ഇതുവരെ അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനജീവിതം പാടേ സ്തംഭിച്ചു. മഞ്ഞ് മൂടിയതോടെ വടക്കന്‍ മേഖലകളില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ കടുത്ത ശൈത്യത്തില്‍ ഇതുവരെ 18 പേര്‍ മരണപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അമേരിക്കയില്‍ പല മേഖലകളിലും സ്ഥിതി വഷളായി വരുന്നതായാണ് റിപ്പോര്‍ട്ട്.
1961 ന് ശേഷമുണ്ടായിട്ടുള്ള ഏറ്റവും കഠിനമായ തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ കടുത്ത ശൈത്യത്തെ തുടര്‍ന്ന് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി. കഴിഞ്ഞ ദിവസം മാത്രം 67 വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്തത്.
മല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയല്‍, ഒട്ടാവ, എഡ്മണ്ടണ്‍ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളാണ് വന്‍ പ്രതിസന്ധി നേരിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്.
ലോകത്ത് ഏറ്റവും തണുപ്പുള്ള നഗരങ്ങളില്‍ ഒന്നാണ് റഷ്യയിലെ യാകുട്‌സ്‌ക്. നിലവില്‍ ഇവിടെ താപനില മൈനസ് 56 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടെ സ്‌കൂളുകളും മറ്റും അടച്ചിട്ടു. റഷ്യയിലെ തണുപ്പു കൂടിയ സൈബീരിയന്‍ മേഖലയിലാണ് യാകുട്‌സ്‌ക്. ഇവിടെ കണ്‍പീലികള്‍ പോലും ഐസ് കട്ടയായി മാറുന്ന സ്ഥിതി വിശേഷമാണുള്ളത്. റഷ്യയുടെ മറ്റ് പല മേഖലകളിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.