അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റ് ഫ്യുവൽ സ്വിച്ച് ബോധപൂർവം ഓഫ് ചെയ്തതെന്ന് വിദേശ മാധ്യമ റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റ് ഫ്യുവൽ സ്വിച്ച് ബോധപൂർവം ഓഫ് ചെയ്തതെന്ന് വിദേശ മാധ്യമ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ ബോധപൂർവമായ നടപടിയാണെന്ന് വിദേശ മാധ്യമത്തിന്റെ വെളിപ്പെടുത്തൽ. എയർ ഇന്ത്യ ഫ്ലൈറ്റ് 171 തകരാൻ കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണെന്ന് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇറ്റാലിയൻ ദിനപത്രമായ 'കൊറിയർ ഡെല്ല സെറ' റിപ്പോർട്ട് ചെയ്തു.

യാത്രക്കാരായ 241 പേരടക്കം ആകെ 260 പേരാണ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യൻ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും പാശ്ചാത്യ വ്യോമയാന ഏജൻസികളുടെ സ്രോതസുകളെ ഉദ്ധരിച്ച് കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ എ.ഐ.ബി ഉദ്യോഗസ്ഥർ യുഎസിൽ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോൾ ഇറ്റാലിയൻ പത്രം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യ പൈലറ്റ് സുമിത്ത് സബർബാളിനെയാണ് അന്വേഷണ റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പൈലറ്റ് ആദ്യം ഇടത് എൻജിൻ ഓഫ് ചെയ്യുകയായിരുന്നു എന്നും പിന്നീട് വലത് എൻജിൻ ഓഫ് ചെയ്തെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വിമാനത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നത്. കോക്ക്പിറ്റിലെ വോയ്‌സ് റെക്കോർഡിങുകളുടെ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വിച്ചുകൾ ഏത് പൈലറ്റാണ് ഓഫാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതെന്നും വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സിവിൽ ഏവിയേഷൻ മന്ത്രാലയവും മറുപടി നൽകിയില്ല. ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 171 എന്ന ബോയിങ് 787 ഡ്രീംലൈനർ തകർന്നു വീണത്.

രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലച്ച് 32 സെക്കൻഡുകൾക്ക് ശേഷം വിമാനം മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 260 പേർ മരിച്ചിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മറ്റു 19 പേരുമാണ് അപകടത്തിൽ മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.