ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വികസന വിരോധികളാണെന്നും കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവേ നിര്‍മല സീതാരാമന്‍ പറഞ്ഞു.
3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയ കിറ്റക്സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയത്.
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. ഇതെല്ലാം നടന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്താണെന്നും ലോക്സഭയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബജറ്റ് ചര്‍ച്ചക്കിടെ നാളികേര കശുവണ്ടി വികസന പദ്ധതികള്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ബംഗാളിനെയും കേരളത്തെയും ലക്ഷ്യമിട്ട് വലിയ വിമര്‍ശനം ധനമന്ത്രി നടത്തിയത്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ധനമന്ത്രി കേരളത്തിലെ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് ധനമന്ത്രി സഭയില്‍ പറഞ്ഞു.
പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ആറ് ശതമാനത്തോളം വര്‍ധിച്ചു. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിള്‍ 1.2 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കാത്തതില്‍ കേരള എം.പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.