വത്തിക്കാൻ സിറ്റി: യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ് അനുദിന ജീവിതത്തിൽ യഥാർത്ഥ സന്തോഷവും രുചിയും വെളിച്ചവും അനുഭവിക്കാൻ സാധിക്കുകയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ആശയറ്റ സന്ദർഭങ്ങളിൽ പോലും നമ്മെ പേരു ചൊല്ലി വിളിക്കുകയും നമ്മുടെ പ്രത്യേകതകൾ അറിയുകയും ചെയ്യുന്നവനാണ് ദൈവം എന്നും മാർപാപ്പാ കൂട്ടിച്ചേർത്തു.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകവേയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. പരിശുദ്ധ പിതാവ് ഈയാഴ്ച ധ്യാനവിഷയമാക്കിയത്, സുവിശേഷഭാഗ്യങ്ങൾ പ്രഖ്യാപിച്ചതിനു ശേഷമുള്ള യേശുവിൻ്റെ വചനങ്ങളാണ്.
അഷ്ട സൗഭാഗ്യങ്ങൾ അക്കമിട്ടു പറയുക മാത്രമല്ല യേശു ചെയ്തത്, അവ അനുസരിച്ച് ജീവിതം നയിക്കുന്നവരെക്കുറിച്ചും അവിടുന്ന് ഇപ്രകാരം പറഞ്ഞു: 'അവർ നിമിത്തം ഭൂമി ഇനിമേൽ പഴയതുപോലെ ആയിരിക്കുകയില്ല, ലോകം ഇനിമേൽ ഇരുട്ടിലും ആയിരിക്കില്ല.' യഥാർത്ഥ ആനന്ദം ജീവിതത്തിൻ്റെ ഇരുണ്ടമേഖലകളിൽ വെളിച്ചം വീശുന്നതും രുചി പകരുന്നതുമാണ്. യേശുവിൻ്റെ വാക്കുകളിലും പ്രവൃത്തികളിലും തിളങ്ങി നിന്നിരുന്ന ജീവിത പാതയാണത്.
ആത്മാവിൽ ദരിദ്രനും ഹൃദയലാളിത്യമുള്ളവനും നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തവനുമായ യേശുവിനെ കണ്ടെത്തുന്ന വ്യക്തിയുടെ ജീവിതം ഒരിക്കലും വിരസമോ മ്ലാനമോ ആയിരിക്കില്ല. മാനസാന്തരവും അനുരഞ്ജനവുമാണ് യേശുവുമായുള്ള കൂടികാഴ്ചയുടെ ഫലങ്ങളെന്ന് മാർപാപ്പ വിശദീകരിച്ചു.
ഇരുളിൽ പ്രകാശിക്കുന്ന വെളിച്ചം
ഏശയ്യാ പ്രവാചകൻ പറയുന്നതുപോലെ, വിശക്കുന്നവരുമായി അപ്പം പങ്കിടുന്നതും ദരിദ്രരും ഭവനരഹിതരുമായവർക്ക് സ്വാഗതമരുളുന്നതും നമ്മുടെ അയൽക്കാരെയും ഭവനത്തിലുള്ളവരെയും അവഗണിക്കാതിരിക്കുന്നതുമെല്ലാം നിശ്ചയമായും അനീതിക്ക് അറുതി വരുത്തുമെന്ന് ഉറപ്പുള്ള പ്രവൃത്തികളാണ്.
ഇപ്രകാരം പ്രവർത്തിക്കുന്നവരുടെമേൽ പ്രഭാതം പൊട്ടിവിടരുന്നതുപോലെ പ്രകാശമുദിക്കുകയും അവർ വേഗം സൗഖ്യം പ്രാപിക്കുകയും ചെയ്യുമെന്ന് പ്രവാചകൻ തുടർന്നുപറയുന്നു. (ഏശയ്യാ 58 : 8) മറയ്ക്കാനാവാത്ത സൂര്യപ്രകാശമെന്നപോലെയും അതിവേഗം സുഖമാക്കപ്പെട്ട മുറിവുപോലെയും ദ്വിവിധ മാനങ്ങളാണ് ഈ വചനത്തിനുള്ളതെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി.
നമ്മുടെ പേരുകൾ അറിയുന്ന ദൈവം
ജീവിതത്തിൻ്റെ സന്തോഷവും രുചിയും നഷ്ടപ്പെടുകയെന്നത് തീർച്ചയായും വേദനാജനകമായ കാര്യമാണെന്ന് ലിയോ പാപ്പാ പറഞ്ഞു. എങ്കിലും, നാം മടുത്തു പിന്മാറിയാൽ, നമ്മുടെ ജീവിതം ഉറ കെട്ടുപോയ ഉപ്പുപോലെ പുറത്തേക്ക് എറിഞ്ഞു കളയാനും മനുഷ്യരാൽ ചവിട്ടപ്പെടാനും മാത്രമേ ഉപകരിക്കൂ എന്ന മുന്നറിയിപ്പാണ് യേശു ശ്രോതാക്കൾക്ക് നൽകിയത്.
നാം ഉൾപ്പെടെ, എത്രയധികം ആളുകളാണ്, തങ്ങളെത്തന്നെ വിലയില്ലാത്തവരോ തകർന്നവരോ ആയി കരുതുന്നത്. തങ്ങളുടെ വെളിച്ചം അണഞ്ഞുപോയി എന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ, യേശു നൽകുന്ന പ്രത്യാശ ഇതാണ്: 'ദൈവം നമ്മെ ഒരിക്കലും തള്ളിക്കളയുന്നില്ല. അവിടുന്ന് നമ്മുടെ പേരുകൾ അറിയുകയും പ്രത്യേകതകൾ പരിഗണിക്കുകയും ചെയ്യുന്നു.'
എത്ര ആഴത്തിൽ മുറിവേറ്റവരാണെങ്കിലും സുവിശേഷഭാഗ്യങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നവർക്ക് അവ സൗഖ്യം നൽകും. അവ നമ്മെ സുവിശേഷത്തിന്റെ പാതയിലേക്ക് മടക്കി കൊണ്ടുവരുകയും ചെയ്യും - പാപ്പാ ഊന്നിപ്പറഞ്ഞു.
നമ്മുടെ ആനന്ദം വീണ്ടും ജ്വലിക്കണം
മറ്റുള്ളവരോടുള്ള തുറവിയുടെയും കരുതലിന്റെയും മൂർത്തമായ പ്രവൃത്തികൾ നമ്മുടെ ആനന്ദം വീണ്ടും ജ്വലിപ്പിക്കാൻ നമ്മെ സഹായിക്കും. യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടത് വ്യത്യസ്തമായ പാതകൾ സ്വീകരിച്ച് തൻ്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായിരുന്നു. എന്നാൽ അവിടുന്ന് അതിനു വഴങ്ങിയില്ല.
അവസാനമായി, യേശുവിനോടുള്ള കൂട്ടായ്മയിൽ പരിപോഷിപ്പിക്കപ്പെട്ട് ജ്ഞാനത്താൽ നിറയണമെന്ന് പാപ്പാ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അപ്പോൾ നമ്മൾ മലമേൽ പണിതുയർത്തപ്പെട്ട നഗരം - ദൈവത്തിൻ്റെ നഗരം - പോലെയാകും. അവിടെ സകലരും ജീവിക്കാൻ ആഗ്രഹിക്കുന്നു; സമാധാനം കണ്ടെത്തുന്നു.
അവിടെ കൂടിയിരുന്ന എല്ലാവരോടും തങ്ങളുടെ പ്രാർഥനകൾ സ്വർഗത്തിന്റെ വാതിലായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കാനും അവളുടെ പുത്രന്റെ ശിഷ്യത്വത്തിൽ നിലനിൽക്കാൻ സഹായം യാചിക്കാനും അഭ്യർത്ഥിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.