നിയമസഭാ കയ്യാങ്കളിക്കേസ്: യുഡിഎഫ് മുന്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി

നിയമസഭാ കയ്യാങ്കളിക്കേസ്: യുഡിഎഫ് മുന്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്.

സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഡിഎഫ് എംഎല്‍എമാരായിരുന്ന ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എം.എ വാഹിദ്, എ.ടി ജോര്‍ജ് എന്നിവരായിരുന്നു പ്രതികള്‍.

2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി ഉണ്ടായത്. എല്‍ഡിഎഫ് എംഎല്‍എയായിരുന്ന ഗീതാ ഗോപിയെ ഒന്നാം പ്രതി ശിവദാസന്‍ നായര്‍ മനപൂര്‍വം തള്ളി താഴെയിട്ടെന്നും മറ്റു മൂന്നു പേരും ചേര്‍ന്ന് തടഞ്ഞു വച്ചെന്നുമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

വീഴ്ചയില്‍ ഗീതാ ഗോപിയുടെ നടുവിന് പരിക്കേറ്റെന്നും എഫ്ഐആറിലുണ്ട്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു മ്യൂസിയം പൊലീസ് കേസെടുത്തത്. വനിതാ എല്‍ഡിഎഫ് എംഎല്‍എമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബഹളത്തിനിടയില്‍ കൈമുട്ട് തട്ടിയതാണ്.

സ്ത്രീത്വത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് വ്യാജമാണെന്നും എംഎല്‍എമാര്‍ വാദിച്ചു. പിന്നാലെ ഇത് പരിഗണിച്ച കോടതി ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എം.എ വാഹിദ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എ.ടി ജോര്‍ജിനെതിരെ നിലനിന്നിരുന്ന കേസും അവസാനം കോടതി റദ്ദാക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.