കോടികള്‍ കുന്നുകൂടി പി.എം കെയേഴ്സ്; പലിശ വര്‍ധിക്കുന്നു: ചെലവഴിക്കാന്‍ വിമുഖതയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോടികള്‍ കുന്നുകൂടി പി.എം കെയേഴ്സ്; പലിശ വര്‍ധിക്കുന്നു: ചെലവഴിക്കാന്‍ വിമുഖതയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യത്തെ ജനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സമാഹരിച്ച പി.എം കെയേഴ്സ് ഫണ്ടിലെ തുക ഉപയോഗിക്കാതെ ബാങ്ക് അക്കൗണ്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. വന്‍ തുക അക്കൗണ്ടില്‍ നിക്ഷേപമായി കിടക്കുമ്പോഴും അടിയന്തര ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതില്‍ നിന്നും ചെലവഴിച്ചത് നാമമാത്ര തുക മാത്രമാണ്. വാര്‍ത്തകള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായത്.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന കണക്കുകള്‍ പ്രകാരം ഫണ്ടില്‍ 8452.06 കോടി രൂപയുടെ ഭീമമായ നീക്കിയിരിപ്പുള്ളപ്പോഴാണ്, ആ വര്‍ഷം വെറും 87 ലക്ഷം രൂപ മാത്രം ചെലവഴിച്ചത്. അതായത് ലഭ്യമായ ആകെ തുകയുടെ 0.01 ശതമാനം മാത്രമാണ് ജനക്ഷേമ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ടിലേക്ക് വരുന്ന സംഭാവനകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലഘട്ടത്തില്‍ 7500 കോടി രൂപയിലധികം സംഭാവന ഒഴുകിയെത്തിയ സ്ഥാനത്ത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം തദേശീയ സംഭാവനകളില്‍ 30 ശതമാനവും വിദേശ സംഭാവനകളില്‍ 18 ശതമാനവും ഇടിവുണ്ടായി. നിലവില്‍ 479 കോടി രൂപ തദേശീയമായും 92.8 ലക്ഷം രൂപ വിദേശത്ത് നിന്നുമാണ് ഫണ്ടിലേക്ക് ലഭിച്ചത്.

സംഭാവനകളില്‍ ഇടിവ് സംഭവിച്ചിട്ടും അക്കൗണ്ടിലെ ആകെ തുക വര്‍ധിക്കാന്‍ കാരണം ബാങ്ക് പലിശയും മറ്റ് ബോണ്ടുകളില്‍ നിന്നുള്ള ലാഭവും മാത്രമാണ്. വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത ഫണ്ടിന്റെ സുതാര്യതയെക്കുറിച്ചും, കോടാനുകോടി രൂപ ചെലവഴിക്കാതെ സൂക്ഷിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുമ്പോഴും തുക വിനിയോഗിക്കുന്നതില്‍ വിമുഖത തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.